തളർത്താനാവാത്ത പോരാട്ട വീര്യം; 101 ന്റെ നിറവിൽ വി എസ്

കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ ആഴമായി ഇടപെടുകയും അതിൽ കയ്യെ‍ാപ്പു ചാർത്തുകയും ചെയ്ത വി.എസ്.അച്യുതാനന്ദന് നൂറ്റൊന്ന് വയസ്. ഒന്നിലും കീഴടങ്ങാത്ത സമര തീക്ഷ്‌ണതകൊണ്ടും ജനകീയതയെ മുറുകെപ്പിടിച്ച നിലപാടുകൾകെ‍ാണ്ടും ജീവിതത്തെ അത്രമേൽ അർഥപൂർണമാക്കിയ അദ്ദേഹത്തിന് ഈ ധന്യ ദിനത്തിൽ കേരളത്തിന്റെ ഹൃദയാഭിവാദ്യം.

ജനങ്ങൾക്കെ‍ാപ്പമാവണം ഒരു രാഷ്ട്രീയ നേതാവെന്ന അടിസ്ഥാനപാഠം സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചയാണ് വിഎസ്. ആ ജനകീയതയാണ് ഒരു നേതാവിന്റെ ഏറ്റവും വിലപിടിപ്പുള്ള നിക്ഷേപമെന്നും അനുഭവങ്ങൾ നൽകിയ ആത്മവിശ്വാസത്തോടെ കേരളത്തെ ഓർമിപ്പിക്കുന്നു. തനിക്കു ശരിയെന്നു തോന്നിയ കാര്യങ്ങൾക്കുവേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടിയ അദ്ദേഹത്തപ്പോലെ അധികം നേതാക്കളെയെ‍ാന്നും കേരളം കണ്ടിട്ടില്ല. വിശ്രമിക്കാത്ത, വിട്ടുകൊടുക്കാത്ത ഈ പോരാട്ടവീര്യംതന്നെയാണ് വിഎസിനെ എക്കാലത്തെയും വ്യത്യസ്തനായ രാഷ്ട്രീയനേതാവാക്കുന്നതും.

സംഭവബഹുലമാണ് അദ്ദേഹത്തിന്റെ ജീവിതയാത്ര. നീണ്ട പൊതുപ്രവർത്തനത്തിനിടെ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവയടക്കമുള്ള സമുന്നതപദവികൾ വിഎസ് വഹിച്ചു. സിപിഎമ്മിലാകട്ടെ, സംസ്ഥാന സെക്രട്ടറിയും പാർട്ടിയുടെ പരമോന്നത സമിതിയായ പൊളിറ്റ്ബ്യൂറോയിൽ അംഗവുമെ‍ാക്കെയായിട്ടുണ്ട് വിഎസ്. തീർച്ചയും മൂർച്ചയുമുള്ള നിലപാടുകളിലൂടെ പ്രതിപക്ഷ നേതാവ് എന്ന പദവിക്കുതന്നെ അദ്ദേഹം പുതുനിർവചനം തീർത്തു. രാഷ്ട്രീയം സമരസപ്പെടലിന്റെ വഴിയാണ് എന്ന പൊതുചിന്ത മാറ്റിമറിച്ചുകൊണ്ടാണ് വിഎസ് നിലകൊണ്ടത്. ഏതു സാഹചര്യത്തിലും മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കാനും മറന്നില്ല.

കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. പുന്നപ്ര–വയലാർ സമരമാണ് വിഎസിനെ പാർട്ടിയുടെ ആലപ്പുഴ ജില്ലയിലെ മുൻനിരക്കാരനാക്കിയത്. ആ സമരം അദ്ദേഹത്തിനു സമ്മാനിച്ചത് കാൽവെള്ളയിൽ പൊലീസ് ബയനറ്റ് കുത്തിയിറക്കിയതിന്റെ മുറിപ്പാടു മാത്രമല്ല, തീച്ചൂളയിൽ സ്‌ഫുടം വരുത്തിയ പ്രത്യയശാസ്‌ത്രദാർഢ്യം കൂടിയാണ്. 1957ൽ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ വിഎസ്, 1964ൽ പാർട്ടി പിളർന്നപ്പോൾ ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിപ്പോന്ന 32 നേതാക്കളിലൊരാളായി; അങ്ങനെ രൂപംകൊണ്ട സിപിഎമ്മിന്റെ സ്ഥാപകനേതാക്കളിൽ ജീവിച്ചിരിക്കുന്ന രണ്ടു പേരിലെ‍ാരാൾ. മറ്റെ‍ാരാൾ രണ്ടു വർഷംമുൻപേ നൂറു വയസ്സിലെത്തിയ, തമിഴ്നാട്ടിലെ എൻ.ശങ്കരയ്യ.

ഒരുകാലത്തു പട്ടിണി കിടന്നതും കാൽനടയായി നാടെങ്ങും അലഞ്ഞതും ആകെയുള്ളൊരു ഷർട്ട് അലക്കിയുണക്കി ഉപയോഗിച്ചിരുന്നതുമൊക്കെ വിഎസ് അഭിമാനത്തോടെ മനസ്സിൽ സൂക്ഷിക്കുന്നു. അതുകെ‍ാണ്ടുതന്നെ, സർക്കാരിലും പാർട്ടിയിലുമുള്ള ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുമ്പോഴും പിന്നിട്ട വഴികളെ‍ാന്നും മറന്നില്ല. അനാരോഗ്യം മൂലം നാലു വർഷംമുൻപാണ് അദ്ദേഹം പൂർണ വിശ്രമജീവിതത്തിലെത്തിയത്. രാഷ്ട്രീയരംഗത്തെ അദ്ദേഹത്തിന്റെ അസാന്നിധ്യം ഇപ്പോഴും പല അവസരങ്ങളിലും ചർച്ച ചെയ്യപ്പെടുന്നതിൽതന്നെയുണ്ട് വിഎസിന്റെ പ്രസക്തി. അതേസമയം, അദ്ദേഹം ഇതിനകം സ്വീകരിച്ച പല നിലപാടുകളും വിമർശിക്കപ്പെട്ടിട്ടുള്ളതും ഇതോടു ചേർത്ത് ഓർമിക്കണം. ജനമനസ്സുകളിൽ വേരുപടർത്തിയ ആ ജീവിതം ഒരു നൂറ്റാണ്ടിന്റെ ദീപ്തിയിലെത്തുമ്പോൾ, ഹൃദയപൂർവം ആശംസിക്കാം, ആയുരാരോഗ്യ സൗഖ്യം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments