KeralaNews

പിപി ദിവ്യക്കെതിരെ സമൂഹ മാധ്യമങ്ങളിൽ സൈബർ ആക്രമണം; ഭർത്താവിന്റെ പരാതിയിൽ കേസെടുത്ത് പോലീസ്

പിപി ദിവ്യയുടെ ഭർത്താവ് വിപി അജിത് നൽകിയ പരാതിയിൽ കേസെടുത്ത് പോലീസ്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയ ദിവ്യക്കെതിരെ സമൂഹ മാധ്യമത്തിലൂടെ തെറ്റായ പ്രചാരണം നടത്തിയ ആൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സമൂഹ മാധ്യമത്തിലൂടെ വീഡിയോ ചിത്രീകരിച്ച് അധിക്ഷേപം നടത്തിയെന്നാണ് അജിത് പരാതി നൽകിയിരിക്കുന്നത് . കണ്ണപുരം പോലീസാണ് കേസെടുത്തിട്ടുള്ളത്. എഡിഎം നവീന്റെ മരണവുമായി ബന്ധപ്പെട്ടാണ് പിപി ദിവ്യയ്ക്ക് നേരെ സൈബർ ആക്രമണങ്ങൾ ശക്തമായത്.

അതേസമയം, പിപി ദിവ്യയുടെ മുൻകൂർ ജാമ്യഹർജിയിലെ ആരോപണങ്ങൾ തള്ളി കണ്ണൂർ സ്വദേശി ഗംഗാധരൻ രംഗത്ത് വന്നു. എഡിഎം കൈക്കൂലി വാങ്ങിയതായി താൻ പരാതിയിൽ പറഞ്ഞിട്ടില്ലെന്നും, തൻ്റെ സ്ഥലത്ത് മണ്ണിട്ട് നികത്തുന്നതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസിൽ നിന്ന് ലഭിച്ച സ്റ്റോപ് മെമ്മോയ്ക്കെതിരെയാണ് പരാതി പറഞ്ഞതെന്നും ഗംഗാധരൻ പറഞ്ഞു.

എഡിഎം മുതൽ താഴേക്ക് റവന്യൂ വകുപ്പിൻ്റെ ഉദ്യോഗസ്ഥ ശ്രേണിയിലെ എല്ലാ ഉദ്യോഗസ്ഥർക്കും എതിരെയാണ് താൻ വിജിലൻസിന് പരാതി നൽകിയിട്ടുള്ളത്. ഉദ്യോഗസ്ഥരെല്ലാം തനിക്കെതിരെ ചതിപ്രയോഗം നടത്തിയിട്ടുണ്ട്. എഡിഎം മരിക്കുന്നതിന് മുൻപേ കൊടുത്തതാണ് വിജിലൻസിന് നൽകിയ പരാതി. തന്നോട് എ‍ഡിഎം കൈക്കൂലി വാങ്ങിയിട്ടില്ല. മാത്രമല്ല, ബാലകൃഷ്ണൻ, സുകുമാരൻ എന്നിവരോഡും അദ്ദേഹം കൈക്കൂലി സ്വീകരിച്ചതായി തനിക്ക് സംശയമില്ലെന്നും ഗംഗാധരൻ പറഞ്ഞു. കൈക്കൂലി പ്രതീക്ഷിച്ചുള്ള യാതൊരുവിധ പെരുമാറ്റം എഡിഎമ്മിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും ഗംഗാധരൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *