കണ്ണൂർ : മുൻ എ ഡി എം നവീന്റെ മരണത്തിൽ വ്യാപക വിമർശനം ഉയർന്നതോടെ ഔദ്യോഗിക പരിപാടികളിൽ നിന്ന് വിട്ടുനിന്നു ജില്ലാ കളക്ടർ അരുൺ കെ വിജയൻ. മുഖ്യമന്ത്രിക്കൊപ്പം പിണറായിയിൽ പങ്കെടുക്കേണ്ട പരിപാടിയിൽ നിന്നാണ് കളക്ടർ ഒഴിഞ്ഞു മാറിയിരിക്കുന്നത്. എഡിഎമ്മിന്റെ മരണത്തെ തുടർന്നുള്ള പ്രതിഷേധങ്ങളെ പേടിച്ചാണ് ഔദ്യോഗിക പരിപാടികളിൽ നിന്ന് കളക്ടർ ഒഴിഞ്ഞു നിൽക്കുന്നത്.
നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് കളക്ടർക്കെതിരെ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. ഇന്നലെ കളക്ടറേറ്റിലേക്ക് യുവജന സംഘടനകളുടെ മാർച്ചും ഉണ്ടായി. ഇതിന്റെ പശ്ചാത്തലത്തിലാണ് കളക്ടർ ഇപ്പോൾ പരിപാടികളിൽ നിന്ന് പിന്മാറി നിൽക്കുന്നത്.
അതേസമയം ,എഡിഎമ്മിന്റെ മരണവും ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കളക്ടർ മുഖ്യമത്രിയെ നേരിട്ട് കണ്ടു സംസാരിച്ചു. ഇന്നലെയാണ് അദ്ദേഹത്തിന്റെ കണ്ണൂരിലെ വീട്ടിലെത്തി കണ്ട് ചർച്ച നടത്തിയത്. 20 മിനിറ്റിലേറെ മുഖ്യമന്ത്രിയുമായി സംസാരിച്ചു. കേസന്വേഷണത്തിന്റെ ഭാഗമായി ജോയിന്റ് ലാൻഡ് റവന്യു കമ്മീഷണർ ഗീത ഐഎഎസ് നു മൊഴി നൽകിയതിന് പിന്നാലെയാണ് കൂടിക്കാഴ്‌ച നടന്നത് . മുഖ്യമന്ത്രിയെ നേരിൽ കണ്ട കളക്‌ടർ സംഭവത്തിന്റെ വിശദീകരണം നൽകിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എട്ടുമണിക്കൂറിലധികാമായണ് കളക്ടറുടെ മൊഴിയെടുപ്പ് ഗീത ഐഎഎസ് നടത്തിയത്. പരാതിക്കാരൻ ടി വി പ്രശാന്തന്റെയും മൊഴിയെടുത്തിരുന്നു. ജോയിന്റ് ലാൻഡ് റവന്യു കമ്മീഷണർ എ. ഗീത കളക്ടറേറ്റിലെത്തിയാണ് അന്വേഷണം നടത്തുന്നത്. ഒഴാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് നൽകുമെന്ന് എ ഗീത ഐ എ എസ് അറിയിച്ചു.