താൻ വീണ്ടും വിവാഹിതനാകാൻ തീരുമാനിച്ചുവെന്ന് വെളിപ്പെടുത്തി നടൻ ബാല. കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് താരം പുതിയ തീരുമാനം അറിയിച്ചത്. വധു ആരാണെന്നുളള ചോദ്യത്തിന് ബാല മറുപടി നൽകിയില്ല. നിയമപരമായി വീണ്ടും വിവാഹിതനാകുമെന്നും ആ ബന്ധത്തിൽ ഒരു കുഞ്ഞ് ജനിച്ചാൽ മാധ്യമ പ്രവർത്തകർ ഒരിക്കലും കാണാൻ വരരുതെന്നും താരം പറഞ്ഞു.
അതേ സമയം തനിക്ക് നിരവധി ഭീഷണി കോളുകൾ വരുന്നതായും ഇതിൽ പോലീസിന് പരാതി നൽകിയതായും താരം പറയുകയുണ്ടായി.
അടുത്തിടെയായിരുന്നു ബാലയും മുൻഭാര്യ അമൃതയും തമ്മിൽ തർക്കം ഉണ്ടായത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴി വെയ്ക്കുകയും ചെയ്തിരുന്നു. പിന്നാലെ ബാലയുടെ മകളും പ്രതികരണവുമായി എത്തിയിരുന്നു. ഇരുവരും 2019 ലാണ് വിവാഹ ബന്ധം വേർപ്പെടുത്തിയത്.
അത് മാത്രമല്ല കഴിഞ്ഞ ദിവസമാണ് തന്നെ കുടുക്കാൻ ആരോ ശ്രമിക്കുന്നുണ്ടെന്ന് പറഞ്ഞ് നടൻ ഒരു സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിട്ടത്. രാത്രി മൂന്ന് മണി സമയത്ത് തന്റെ വീടിന് മുമ്പിൽ ഒരു കുഞ്ഞിനേയും കൊണ്ട് ഒരു സ്ത്രീയും പുരുഷനും വന്ന് വാതിൽ മുട്ടുന്നു എന്നും, ഇത് തനിക്കെതിരെ ആരോ കള്ളക്കേസ് ഉണ്ടാക്കാൻ ശ്രമിക്കുന്നതിന്റെ തെളിവാണെന്നും പറഞ്ഞാണ് ആ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. എന്തായാലും ഏറെ നാളുകളായി ആദ്യ വിവാഹത്തിനെ ചൊല്ലി വിവാദങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന നടൻ മറ്റൊരു വിവാഹത്തിന് വേണ്ടി തയ്യാറായിരിക്കുന്നു എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്.