ഗോലാഘട്ട്: ആസാമില്‍ പൊതു ചടങ്ങില്‍ നിന്ന് ഭക്ഷണം കഴിച്ച 200ലധികം പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. ശനിയാഴ്ച രാത്രിയിലാണ് അപകടം ഉണ്ടായത്. സമിലെ ഗോലാഘട്ട് ജില്ലയില്‍ മരണപ്പെട്ടയാളുടെ മരണാനന്തര ചടങ്ങില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ചടങ്ങിനിടെ അതിഥികള്‍ക്ക് പരമ്പരാഗത രീതിയിലുള്ള ‘ജല്‍പാന്‍’എന്ന ഭക്ഷണമാണ് നല്‍കിയത്. ഇതില്‍ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്
. ഭക്ഷണം കഴിച്ചതിന് പിന്നാലെ പലര്‍ക്കും വയറുവേദന, തലവേദന, ഛര്‍ദ്ദി തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായി. ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായ 53 ആളുകളെ നഗരത്തിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും ഉറിയംഘട്ടിലെ പബ്ലിക് ഹെല്‍ത്ത് സെന്ററിലും പ്രവേശിപ്പിച്ചു. നിലവില്‍ എല്ലാവരുടെയും നില തൃപ്തികരമാണ്.
ചികിത്സകള്‍ക്ക് ശേഷം ഒട്ടുമിക്കവരും തന്നെ വീട്ടിലേയ്ക്ക് പോവുകയും ചെയ്തു. സ്ഥലം എംഎല്‍എ ബിശ്വജിത്ത് ഫുക്കന്‍ ആശുപത്രിയിലെത്തി ജനങ്ങളുടെ ആരോഗ്യസ്ഥിതി വിലയിരുത്തി. ഫുഡ് ഇന്‍സ്‌പെക്ടര്‍ ഗ്രാമം സന്ദര്‍ശിച്ച് ഭക്ഷ്യവിഷബാധയുടെ കാരണം അന്വേഷിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഗ്രാമത്തില്‍ മെഡിക്കല്‍ ക്യാമ്പ് സജ്ജീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.