തിരുവനന്തപുരം : മുഖ്യമന്ത്രിയെ കൊണ്ട് പൊറുതിമുട്ടി സംസ്ഥാന ഖജനാവ് . മുഖ്യമന്ത്രി സഞ്ചരിച്ചാൽ, താമസിക്കുന്ന വീടിന്, ചികിൽസക്ക് എല്ലാം കോടികളാണ് ഖജനാവിൽ നിന്ന് ചെലവാകുന്നത്. ക്ലിഫ് ഹൗസിൽ 2021 ന് ശേഷം 2 കോടിക്ക് മുകളിൽ മിനുക്ക് പണികളാണ് നടത്തിയതെന്ന് നിയമസഭയിൽ മറുപടി നൽകിയത് മരുമകൻ മന്ത്രി മുഹമ്മദ് റിയാസ് ആണ്. 42 ലക്ഷം രൂപയുടെ കാലിതൊഴുത്തും 4.40 ലക്ഷം രൂപയുടെ കാലിതൊഴുത്തും ക്ലിഫ് ഹൗസിൽ ഇക്കാലയളവിൽ നിർമ്മിച്ചു.
മരുമോൻ മന്ത്രി ഇതിന് ചെലവായ ലക്ഷങ്ങളുടെ കണക്കുകൾ നിയമസഭയിൽ മറുപടി നൽകിയതോടെ സഖാക്കൾ തലക്കുനിച്ച് ഇരിക്കുകയാണ്. ലൈഫ് മിഷന് വീടിന് 4 ലക്ഷം നൽകുമ്പോൾ ക്ലിഫ് ഹൗസിലെ ചാണകകുഴി നിർമ്മിച്ചത് 4.40 ലക്ഷം രൂപക്ക് എന്ന് കേൾക്കുമ്പോൾ സഖാക്കൾ എങ്ങനെ തലകുനിക്കാതിരിക്കും. 42 കാറുകളുടെ അകമ്പടിയോടെയുള്ള യാത്രക്ക് മാത്രം ഒരു മാസം ചെലവാകുന്നത് 5 കോടി. ഹെലികോപ്റ്ററിന് 30 കോടിക്ക് മുകളിൽ ചെലവായെന്ന നിയമസഭ മറുപടിയും പുറത്ത് വന്നിട്ടുണ്ട്. അമേരിക്കൻ ചികിത്സയുൾപ്പെടെ പിണറായിയുടെ ചികിൽസക്കും യാത്രക്കും ചെലവായത് 2 കോടി. ഖജനാവിൽ നിന്ന് പണം പോരട്ടെ എന്ന നിലപാട് ആണ് മുഖ്യമന്ത്രിയുടേത്.
സാമ്പത്തിക പ്രതിസന്ധിയൊന്നും പിണറായിക്ക് പ്രശ്നമല്ല. മുൻ മുഖ്യമന്ത്രിമാർ പി. ആർ. ഡി യെ മാത്രം ആശ്രയിച്ചാണ് സർക്കാരിൻ്റെ പ്രചരണം നടത്തിയിരുന്നത്. ഇപ്പോൾ പി.ആർ. ഡി അക്രഡിറ്റേഷനുള്ള 38 ഓളം പി.ആർ ഏജൻസികളാണ് പിണറായിയുടെ മുഖം മിനുക്കുന്നത്. കോടികളാണ് ഇവർക്ക് നൽകുന്നത്. ഇതു കൂടാതെ പിണറായിയുടെ കീർത്തി ഡൽഹിയിലും വിദേശ രാജ്യങ്ങളിലും അറിയാൻ കെയ്സൺ പോലെയുള്ള വൻകിട പി . ആർ ഏജൻസികളും ഉണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ സിനിമ തീയേറ്ററുകളിൽ പിണറായിയുടെ ചിരിക്കുന്ന ചിത്രം കാണിക്കുന്നുണ്ട്. അതിനും ലക്ഷങ്ങൾ അടുത്തിടെ അനുവദിച്ചു.
ഇതും പോരാഞ്ഞ് ഫേസ്ബുക്കിൽ ദിവസം 2 പോസ്റ്റിടാൻ 12 സോഷ്യൽ മീഡിയ ടീമിനെയും പിണറായിക്ക് വേണ്ടി ഖജനാവ് തീറ്റിപോറ്റുന്നുണ്ട്. ഇവർക്ക് ശമ്പളം എത്ര നൽകിയെന്ന് നിയമസഭയിൽ കഴിഞ്ഞ രണ്ട് സമ്മേളനത്തിലും പ്രതിപക്ഷ എം എൽ എമാർ ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും മുഖ്യമന്ത്രി മറുപടി നൽകിയില്ല. പി.ആർ.ഡിയിൽ നിന്നു നൽകിയ മറുപടി മുഖ്യമന്ത്രിയുടെ ഓഫിസ് മുക്കി. ചെലവ് പുറത്ത് വന്നാൽ വിമർശനം ഉണ്ടാകും എന്ന ഭയമായിരുന്നു മുക്കിയതിന് പിന്നിൽ. വിവരവകാശ മറുപടിയിലൂടെ ഇവരുടെ ചെലവുകൾ പുറത്ത് വന്നിരിക്കുകയാണ്.
കെ.പി. സി.സി സെക്രട്ടറി അഡ്വ സി.ആർ പ്രാണകുമാർ ആണ് ഇവരുടെ ചെലവുകൾ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വിവരവകാശ നിയമപ്രകാരം പി. ആർ ഡി യെ സമീപിച്ചത്. വിവരവകാശ മറുപടി മുഖ്യമന്ത്രിയുടെ ഓഫിസ് കാണേണ്ടതില്ല. അതുകൊണ്ട് തന്നെ മറുപടിയും ലഭിച്ചു. 1,83,80,675 രൂപയാണ് മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിൻ്റെ ചെലവുകൾക്ക് ഖജനാവിൽ നിന്ന് നൽകിയത്. 12 പേരാണ് സോഷ്യൽ മീഡിയ ടീമിൽ ഉള്ളത്.
മുഹമ്മദ് യഹിയ എന്ന ആളാണ് ടീം ലീഡർ. 75000 രൂപ ആണ് മാസ ശമ്പളം. കണ്ടൻ്റ് മാനേജർ സുദിപ് ജെ. സലീം. ശമ്പളം 70000 രൂപ. സീനിയർ വെബ് അഡ്മിനിസ്ട്രേറ്റർ, സോഷ്യൽ മീഡിയ കോ ഓർഡിനേറ്റർ , കണ്ടൻ്റ് സ്ട്രാറ്റജിസ്റ്റ് എന്നിവർക്ക് 65000 രൂപ വീതം ആണ് ശമ്പളം. ഡെലിവറി മാനേജർ എന്ന പോസ്റ്റും ഉണ്ട്. എന്തോന്ന് ജോലിയാണോ എന്തോ? ശമ്പളം 50000 രൂപ. പി.പി അജിത്ത് എന്ന ആളാണ് ഡെലിവറി മാനേജർ. റിസർച്ച് ഫെല്ലോയുടെ ശമ്പളം 53000 രൂപ. കണ്ടൻ്റ് ഡെവലപ്പർ, കണ്ടൻ്റ് അഗ്രഗേറ്റർ എന്നിവർക്ക് 53000 രൂപ വീതം ആണ് ശമ്പളം. ഡാറ്റ റിപ്പോസിറ്ററി മാനേജർ എന്ന പേരിൽ 2 പേരുണ്ട്. 45000 രൂപ വീതം ഓരോരുത്തർക്കും ലഭിക്കും. കമ്പ്യൂട്ടർ അസിസ്റ്റൻ്റിൻ്റെ ശമ്പളം 22, 290 രൂപയും.
2022 മെയ് 6 നാണ് മുഖ്യൻ 12 അംഗ സോഷ്യൽ മീഡിയ ടീമിനെ മുഖം മിനുക്കാൻ നിയമിക്കുന്നത്. 6 മാസം കരാർ നിയമനത്തിലായിരുന്നു ഇവർക്ക് ആദ്യം നിയമനം നൽകിയത്. കാലാവധി കഴിഞ്ഞതോടെ ഒരു വർഷത്തേക്ക് നീട്ടി കൊടുത്തു. അത് തീർന്നപ്പോൾ വീണ്ടും നീട്ടി. പിണറായി രാജി വയ്ക്കുന്നത് വരെ ഇവർ കൂടെ ഉണ്ടാകും. ലോകസഭയിലെ ദയനിയ തോൽവിയും മാസപ്പടിയിലും ആർ എസ് എസ് ബന്ധത്തിലും പിണറായി പെട്ടതോടെ അടുത്ത ഭരണം ഇനി ഇല്ല എന്ന് മനസിലാക്കിയ ഇവർ ജോലി സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾ തുടങ്ങിയെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. സി ഡിറ്റിൻ്റെ തലപ്പത്ത് ടി.എൻ സീമയുടെ ഭർത്താവ് ജയരാജ് ഉണ്ട്. അതുകൊണ്ട് സിഡിറ്റിൽ ആയിരിക്കും ഇവരെ മുഖ്യൻ സ്ഥിരപ്പെടുത്തുക എന്നാണ് കേൾക്കുന്നത്.