World

എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരൻ്റെയും 77 വര്‍ഷം പഴക്കമുള്ള വിവാഹകേക്കിൻ്റെ കഷ്ണം 2.40 ലക്ഷം രൂപയ്ക്ക് ലേലം ചെയ്തു

എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്റെയും ആഡംബര വിവാഹത്തില്‍ മുറിച്ച കേക്കിന്റെ 77 വര്‍ഷം പഴക്കമുള്ള ഒരു കഷ്ണം ഇപ്പോള്‍ ലേലത്തില്‍ പോയിരിക്കുകയാണ്. 2,200 പൗണ്ടിന് ആണ് ഇത് ലേലത്തില്‍ പോയത്. ഏകദേശം 2.40 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഈ കേക്കിന്‍ കഷ്ണം ഭഷ്യയോഗ്യമല്ല. 1947 നവംബര്‍ 20-ന് വിവാഹദിനം മുതല്‍ ഏകദേശം എട്ട് പതിറ്റാണ്ടുകളായി ഈ കേക്കിന്റെ കഷ്ണങ്ങള്‍ പലയിടങ്ങളിലായി വിറ്റു പോയിരുന്നു. അന്നത്തെ എലിസബത്ത് രാജകുമാരിയുടെ വെള്ളി ചിഹ്നവും അതിനുള്ളില്‍ എലിസബത്ത് രാജ്ഞി എഴുതിയ എഴുത്തുമൊക്കെ ഇപ്പോഴും ഭംഗിയായി പായ്ക്ക് ചെയ്തിട്ടുണ്ട്. ഈ കേക്ക് കഷ്ണം സംരക്ഷിച്ചിരിക്കുന്നത് വളരെ പ്രത്യേകതയുള്ള ഒരു പെട്ടിയിലായിരുന്നു. ഈ കേക്ക് കഷ്ണം യഥാര്‍ത്ഥത്തില്‍ ലഭിച്ചത് ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നിന്ന് സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബര്‍ഗിലെ ഹോളിറൂഡ് ഹൗസിലെയ്‌ക്കെത്തിയ ജോലിക്കാരിയായിരുന്ന മരിയോണ്‍ പോള്‍സണിന് ആയിരുന്നു.

കേക്ക് നിര്‍മ്മിക്കാന്‍ മരിയോനും സഹായിച്ചിരുന്നു. അതിനാല്‍ തന്നെ മനോഹരമായ വിവാഹ സമ്മാനത്തിന് നന്ദി അറിയിച്ച് എലിസബത്ത് രാജ്ഞി കത്തിനൊപ്പം എഴുത്തും മരിയോണിന് നല്‍കിയിരുന്നു. അതി വിശേഷമായ പാക്കിങ്ങോടെ ആയിരുന്നു ഇവ രണ്ടു മരിയോന് ലഭിച്ചത്. ഇത്രയും സന്തോഷകരമായ ഒരു വിവാഹ സമ്മാനം ഞങ്ങള്‍ക്ക് നല്‍കുന്നതില്‍ നിങ്ങള്‍ പങ്കു ചേര്‍ന്നുവെന്നറിഞ്ഞതില്‍ ഞാനും എന്റെ ഭര്‍ത്താവും വളരെ നന്ദിയുള്ളവരാണെന്നായിരുന്നു ആ കത്തിലുണ്ടായിരുന്നത്. നന്ദി സൂചകമായിട്ടാണ് കേക്ക് കഷ്ണവും രാജ്ഞി നല്‍കിയത്. 500 പൗണ്ട് ഭാരവും, ഒമ്പത് അടി (2.7 മീറ്റര്‍) ഉയരമുള്ളതുമായ വളരെ വലിയ ഒരു കേക്കായിരുന്നു മക്വിറ്റി ആന്‍ഡ് പ്രൈസ് ലിമിറ്റഡ് എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്റെയും വിവാഹത്തിന് നല്‍കിയത്.

രണ്ട് കുടുംബങ്ങളിലെയും പ്രധാനപ്പെട്ട വ്യക്തികളും മറ്റ് പലതരത്തിലുള്ള രൂപങ്ങളും പഞ്ചസാര കൊണ്ട് ഐസ് ചെയ്ത രൂപങ്ങളും അതില്‍ ഉണ്ടായിരുന്നു. ഇതിലെ കഷണങ്ങള്‍ തന്നെ പതിനായിരകണക്കിന് ഉണ്ടായിരുന്നുവെന്നും അതില്‍ 2000 കഷ്ണങ്ങളോളം അന്ന് വിവാഹത്തിനെത്തിയ അതിഥികള്‍ക്ക് നല്‍കിയിരുന്നു. ബാക്കി വന്ന കഷ്ണങ്ങള്‍ പല ചാരിറ്റികള്‍ക്കും മറ്റ് ഓര്‍ഗനൈസേഷ നുകള്‍ക്കും അയച്ചു നല്‍കിയിരുന്നു. ഇതിലെ ഒരു ടയര്‍ അന്നത്തെ ചാള്‍സ് രാജകുമാരന്റെ നാമകരണത്തിനായി സൂക്ഷി ച്ചിരുന്നു. 2013-ല്‍ 1,750 പൗണ്ടിന് കേക്കിന്റെ ഒരു കഷ്ണം വിറ്റ് പോയിരുന്നു. പിന്നീട് മറ്റൊരു കഷ്ണം കേക്ക് ടിന്നില്‍ പ്ലാസ്റ്റിക് കവറിലാക്കി 2021 ലെ ലേലത്തില്‍ 1,850 പൗണ്ടിന് വിറ്റിരുന്നു. 40 വര്‍ഷം പഴക്കമുള്ള ആ കേക്ക് സ്ലൈസില്‍ സ്വര്‍ണ്ണം, ചുവപ്പ്, നീല, വെള്ളി എന്നീ നിറങ്ങളിലുള്ള ഒരു കോട്ട് ഓഫ് ആര്‍ംസ്, ഒരു വെള്ളി കുതിരപ്പടയും ഇല സ്പ്രേയും കൂടാതെ കുറച്ച് വെളുത്ത അലങ്കാര ഐസിംഗും ഉണ്ടായിരുന്നു.

1980-കളില്‍ മരിയോണ്‍ പോള്‍സണിന്റെ മരണശേഷം അവളുടെ ചില സാധനങ്ങളോടൊപ്പം ഒരു കട്ടിലിനടിയില്‍ സൂക്ഷിച്ചിരുന്ന കേക്ക് കഷ്ണം അവരുടെ കുടുംബം കണ്ടെത്തി. പിന്നീട് അടുത്തിടെ പോള്‍സണിന്റെ സ്‌കോട്ടിഷ് കുടുംബം ലേലക്കാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുകയും ലേലം ഉറപ്പിക്കുകയുമായിരുന്നു.ലേല സ്ഥാപനമായ റീമാന്‍ ഡാന്‍സിയാണ് ഈ കേക്ക് വില്‍പ്പനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *