Kerala Government NewsNews

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത: ധനമന്ത്രിയുടെ ഓഫീസിൽ ഫയൽ ‘ഉറക്കത്തിൽ “

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അനുവദിക്കേണ്ട 3% ക്ഷാമബത്ത (DA) ശുപാർശ ചെയ്യുന്ന ഫയൽ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ഓഫീസിലെത്തിയിട്ട് ഏഴ് ദിവസം. ഇതുവരെ ക്ഷാമബത്ത ഫയലിൽ ധനമന്ത്രി തീരുമാനം എടുത്തില്ല. മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച ഫയൽ അദാലത്തിലൂടെ സെക്രട്ടേറിയറ്റിൽ കെട്ടിക്കിടന്ന പല ഫയലുകൾക്കും ജീവൻ വെച്ച് തുടങ്ങിയെങ്കിലും, ക്ഷാമബത്ത ഫയൽ ധനമന്ത്രിയുടെ ഓഫീസിൽ അനക്കമില്ലാതെ കിടക്കുന്നത് ജീവനക്കാർക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

ജൂലൈ 25-നാണ് 3 ശതമാനം ക്ഷാമബത്ത അനുവദിക്കുന്നതിനുള്ള ഫയൽ ധന അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ധനമന്ത്രിക്ക് കൈമാറിയത്. ഫയൽ അദാലത്തിന്റെ വേഗത പോരെന്നും മന്ത്രിമാരും സെക്രട്ടറിമാരും നേരിട്ട് നിരീക്ഷിക്കണമെന്നും കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഈ നിർദ്ദേശം ധനമന്ത്രിയുടെ ഓഫീസിൽ പോലും നടപ്പാക്കുന്നില്ല എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ക്ഷാമബത്ത ഫയലിന്റെ ഇപ്പോഴത്തെ അവസ്ഥയെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സർക്കാർ ജീവനക്കാർക്ക് 6 ഗഡു ക്ഷാമബത്ത തടഞ്ഞ് വച്ചിരിക്കുകയാണ്. 18 ശതമാനം കുടിശിക ജീവനക്കാർക്ക് നൽകാൻ ഉണ്ട്. കേന്ദ്രം ജൂലൈ പ്രാബല്യത്തിലെ ക്ഷാമബത്ത സെപ്റ്റംബറിൽ പ്രഖ്യാപിക്കുന്നതോടെ കേരളത്തിലെ ക്ഷാമബത്ത കുടിശിക 7 ഗഡുക്കൾ ആയി ഉയരും .