കണ്ണൂർ : പി പി ദിവ്യയ്ക്കെതിരെ കുരുക്ക് മുറുകുന്നു. എഡിഎം നവീൻ ബാബുവിനെതിരായ പരാതി വ്യാജമാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ചെങ്ങളായിലെ പെട്രോൾ പമ്പിന് എൻഒസി നൽകാൻ 98,500 രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു നവീൻ ബാബുവിനെതിരെ ഉയർന്ന ആരോപണം. എന്നാൽ ഈ ആരോപണം വ്യാജമാണെന്ന് തെളിയിക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
പമ്പിന് അപേക്ഷ നൽകിയതിൽ അപേക്ഷകൻ പ്രശാന്ത് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കൈക്കൂലി ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് അയച്ച പരാതിയിൽ പ്രശാന്തൻ എന്നുമാണ് ഉള്ളത്. ഇവകൂടാതെ ഒപ്പുകൾ തമ്മിലും വ്യത്യാസമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അപേക്ഷയിലെ ഒപ്പും പരാതിയിലെ ഒപ്പും തമ്മിൽ വ്യത്യാസമുണ്ട്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ‘പ്രശാന്തൻ ടിവി’ എന്നാണ് ഉള്ളത്. എന്നാൽ പമ്പിനായുള്ള സ്ഥലം പാട്ടക്കരാറിൽ ‘പ്രശാന്ത് ടിവി’ എന്നാണ് പേരുള്ളത്.
അതേസമയം അറസ്റ്റ് സാദ്ധ്യത ഭയന്ന് പി.പി. ദിവ്യ ഇപ്പോൾ ഒളിവിൽ പോയിരിക്കുകയാണെന്നാണ് നിലവിൽ ലഭ്യമായ വിവരം. മരിച്ച നവീൻ ബാബു അഡിഷണൽ ജില്ലാ മജിസ്ട്രേട്ട് ആയതിനാൽ ദിവ്യയ്ക്ക് ജാമ്യം ലഭിക്കാൻ സാദ്ധ്യത കുറവാണ്. അതിനാലാണ് ദിവ്യ ഒളിവിൽ പോയതെന്നാണ് പുറത്തുവരുന്ന വിവരം.