കേരളത്തിൽ ലോക്‌സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി. വയനാട് ലോക്‌സഭാ മണ്ഡലത്തിൽ മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ് മത്സരിക്കും. പാലക്കാട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാറും ചേലക്കരയിൽ തിരുവില്വാമല പഞ്ചായത്തംഗം കെ.ബാലകൃഷ്ണനുമാണ് ബിജെപിക്കുവേണ്ടി തെരഞ്ഞെടുപ്പ് രംഗത്തേക്ക് ഇറങ്ങുന്നത്.
കോഴിക്കോട് കോർപ്പറേഷനിൽ രണ്ടു തവണയായി കൗൺസിലറും കോർപ്പറേഷനിലെ ബിജെപി പാർലമെന്ററി പാർട്ടി നേതാവുമാണ് നവ്യ ഹരിദാസ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത് മണ്ഡലം സ്ഥാനാർഥിയായിരുന്നു.
ബിജെപി ജില്ലാ ജനറൽ സെക്രട്ടറി, ബിജെപി ജില്ലാ പ്രസിഡന്റ്, ബിജെപി സംസ്ഥാന സെക്രട്ടറി, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ച നേതാവാണ് സി.കൃഷ്ണകുമാർ. 2000 മുതൽ 2020 വരെ പാലക്കാട് നഗരസഭാ കൗൺസിലറായിരുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച് 2,51,778 വോട്ട് നേടി.
വയനാട് ലോക്‌സഭാ മണ്ഡലത്തിൽ എഐസിസി ജനറൽ സെക്രട്ടറി പ്രയങ്ക ഗാന്ധിയാണ് യുഡിഎഫ് സ്ഥാനാർഥി. എൽഡിഎഫിൽ സിപിഐ മത്സരിക്കുന്ന മണ്ഡലത്തിൽ സത്യൻ മൊകേരിയാണ് സ്ഥാനാർഥി. നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസ് വിട്ടുവന്ന ഡോ.പി.സരിനും ചേലക്കരയിൽ മുൻ എംഎൽഎ യു.ആർ.പ്രദീപും ഇടതു മുന്നണിക്കായി മത്സരിക്കും. രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിനായി പാലക്കാടും രമ്യഹരിദാസ് ചേലക്കരയിലും മത്സരിക്കും.