നടി കീർത്തി സുരേഷ് കേന്ദ്ര കഥാപാത്രമായെത്തുന്ന “റിവോൾവർ റീത്ത”യുടെ ടീസർ പുറത്ത്. ഡാർക് കോമഡി വിഭാഗത്തിലുള്ള ചിത്രത്തിൽ രാധിക, സുനിൽ, ജോൺ വിജയ് എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ആക്‌ഷനും കോമഡിയും നിറഞ്ഞ പക്കാ എന്റർടൈനെർ ആയിരിക്കുമെന്നാണ് ടീസർ നൽകുന്ന സൂചന.
ജെ.കെ. ചന്ദ്രുവാണ് റിവോൾവർ റീത്തയുടെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സുധൻ സുന്ദരം, ജഗദീഷ് പളനിസാമി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഛായാഗ്രഹണം ദിനേശ് കൃഷ്ണൻ നിർവഹിക്കുമ്പോൾ എഡിറ്റിങ് പ്രവീൺ കൈകാര്യം ചെയ്തിരിക്കുന്നു.
അതേസമയം, കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ മുപ്പത്തിരണ്ടാം ജന്മദിനം. തന്റെ ജന്മദിനത്തോടനുബന്ധിച്ച് പുതിയ ചിത്രങ്ങൾ കീർത്തി പങ്കുവെച്ചിരുന്നു. കറുത്ത നിറത്തിലുള്ള സാരിയിൽ അതീവ സുന്ദരിയായി നിൽക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. “ഗ്ലോ ആൻഡ് ലെറ്റ് ഗ്ലോ” എന്ന അടിക്കുറിപ്പോടെയാണ് കീർത്തി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ചിത്രങ്ങൾ പങ്കുവെച്ചത്.
കുറഞ്ഞ കാലം കൊണ്ട് സിനിമയിൽ മികച്ച നടിയായി വളർന്ന താരപുത്രിയാണ് കീർത്തി സുരേഷ്. നടി മേനക സുരേഷിന്റെയും നിർമാതാവ് സുരേഷ് കുമാറിന്റെയും ഇളയ മകളാണ്. ബാലതാരമായാണ് താരം സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഇന്ന് തെന്നിന്ത്യൻ സിനിമയുടെ പ്രിയതാരമായി മാറിയിരിക്കുകയാണ്.