
നടൻ ജോജു ജോർജ് ആദ്യമായി രചനയും തിരക്കഥയും നിർവഹിക്കുന്ന ചിത്രമാണ് “പണി”. ചിത്രത്തിന്റെ പ്രിവ്യൂ പുറത്തുവന്നതിന് ശേഷം നിരവധി പേരാണ് പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. അതിൽ ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപിൻറെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കൊറിയൻ ന്യൂ വേവ് ചിത്രങ്ങളോടു കിട പിടിക്കുന്ന ചിത്രമാണ് ജോജു ജോർജിന്റേത് എന്നാണ് അനുരാഗ് കശ്യപ് പറയുന്നത്.

“മലയാള സിനിമ വീണ്ടും ഞെട്ടിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുകയാണ്. ജോജു ജോർജിന്റെ പവർഫുൾ ത്രില്ലർ ഡ്രാമയായ പണിയുടെ പ്രിവ്യൂ കണ്ടു. സംവിധായകനായുള്ള അരങ്ങേറ്റം ആത്മവിശ്വാസത്തോടെയാണ് ജോജു ചെയ്തിരിക്കുന്നത്. കൊറിയൻ ന്യൂ വേവ് ചിത്രങ്ങളോടു കിട പിടിക്കുന്ന ചിത്രമാണ് പണി. ഒരിക്കലും ചിത്രം മിസ് ചെയ്യരുതെന്നും ഒക്ടോബർ 24നാണ് തിയേറ്റർ റിലീസെന്നും അനുരാഗ് കുറിച്ചു”.

അതേസമയം, കഴിഞ്ഞ ദിവസം സംവിധായകൻ കാർത്തിക് സുബ്ബരാജും ചിത്രത്തെ പ്രശംസിച്ചിരുന്നു. ഗംഭീര ആക്ഷൻ-ത്രില്ലർ, അസാമാന്യ പെർഫോമൻസ് എന്നാണ് കാർത്തിക് സുബ്ബരാജ് ചിത്രത്തിന്റെ പ്രിവ്യൂ കണ്ടതിന് ശേഷം എക്‌സിലും ഇൻസ്റ്റഗ്രാമിലും കുറിച്ചത്. ജോജു ജോർജിന്റെ തിരക്കഥയിലും സംവിധാനത്തിലുമൊരുങ്ങുന്ന ചിത്രമാണ് പണി. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെത്തുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ജോജു തന്നെയാണ്.