‘എമർജൻസി’ എന്ന ചിത്രത്തിന് ഒടുവിൽ സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചു. സെൻസർ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ബോർഡാണ് ചിത്രത്തിന് സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്. പ്രശസ്ത നടിയും സംവിധായികയുമായ കങ്കണ റണൗട്ട് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് നേരത്തെ ബോർഡ് സർട്ടിഫിക്കറ്റ് നൽകുന്നത് നിരസിച്ചിരുന്നു. തുടർന്ന് റിലീസ് അനിശ്ചിത്വതത്തിലായിരുന്നു.
ഇന്നലെ കങ്കണ റണൗട്ട് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ചിത്രം സെൻസർ സർട്ടിഫിക്കറ്റ് നേടിയ കാര്യം വെളിപ്പെടുത്തി. “ഞങ്ങളുടെ ‘എമർജൻസി’ എന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നു. ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും. നിങ്ങളുടെ ക്ഷമയ്ക്കും പിന്തുണയ്ക്കും നന്ദി,” എന്നാണ് കങ്കണ കുറിച്ചത്.
1975-ൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഇന്ദിരാഗാന്ധിയുടെ ജീവിതം, അടിയന്തരാവസ്ഥയുടെ കാലം, അതിന്റെ സ്വാധീനങ്ങൾ, 1980-കളിലെ ഖാലിസ്ഥാൻ പ്രസ്ഥാനത്തിന്റെ ഉദയം എന്നിവയെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ ഈ സിനിമ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
സെൻസർ ബോർഡിന്റെ പരിശോധന സമിതി ചിത്രത്തിലെ ചില വിവാദ പരാമർശങ്ങൾ ഫാക്ട്ചെക്ക് ചെയ്യണമെന്ന നിർദ്ദേശത്തോടെയായിരുന്നു ‘യു/എ’ സർട്ടിഫിക്കേഷൻ നൽകിയത്.
മണികർണിക ഫിലിംസും സീ സ്റ്റുഡിയോയും ചേർന്ന് നിർമ്മിക്കുന്ന ‘എമർജൻസി’ ആദ്യം സെപ്തംബർ 6 ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. പുതിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.