തായ്‌വാൻ അതിര്‍ത്തിയില്‍ വീണ്ടും 19 ചൈനീസ് സൈനിക വിമാനങ്ങളും ആറ് നാവിക കപ്പലുകളും കണ്ടെത്തി. ഇന്ന് രാവിലെ 6 മണി വരെ ചൈനീസ് സൈനിക വിമാനങ്ങളും, നാവിക കപ്പലുകളും തങ്ങളുടെ പ്രദേശത്തിന് ചുറ്റും പ്രവർത്തിച്ചതായി തായ്‌വാൻ ദേശീയ പ്രതിരോധ മന്ത്രാലയം (MND) അറിയിച്ചു. 19 വിമാനങ്ങളിൽ 15 എണ്ണം തായ്‌വാൻ കടലിടുക്കിൻ്റെ മധ്യരേഖ കടന്ന് തങ്ങളുടെ വടക്കൻ , മധ്യ, തെക്കുപടിഞ്ഞാറൻ എയർ ഡിഫൻസ് ഐഡൻ്റിഫിക്കേഷൻ സോണിൽ (ADIZ) പ്രവേശിച്ചതായി മന്ത്രാലയം വ്യക്തമാക്കുന്നു. ചൈനീസ് കടന്നുകയറ്റത്തിന് പിന്നാലെ, തായ്‌വാൻ വിമാനങ്ങളും നാവിക കപ്പലുകളും ചൈനയിലേക്ക് അയച്ചിട്ടുണ്ട്, ബീജിംഗിൻ്റെ പ്രവർത്തനം നിരീക്ഷിക്കുന്നതിനായി തീരദേശ അധിഷ്ഠിത മിസൈൽ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ഈ നുഴഞ്ഞുകയറ്റം തായ്‌വാനും ചൈനയും തമ്മിലുള്ള പിരിമുറുക്കത്തിൻ്റെ ഭാഗമാണെന്നുള്ളതും ശ്രദ്ധേയമാണ്. ഇന്ത്യയില്‍ തായ്‌വാൻ മൂന്നാമത്തെ ഔദ്യോഗിക കാര്യാലയം തുറന്നതുമായി ബന്ധപ്പെട്ട് ചൈന ഇന്ത്യയോട് പ്രതിഷേധം അറിയിച്ചിരുന്നു. തുടർന്ന് സംഭവത്തില്‍ ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരണം വ്യക്തമാക്കുകയും ചെയ്‌ത സാഹചര്യത്തിലാണ് തായ്‌വാന്‍ അതിര്‍ത്തിയില്‍ ചൈന വീണ്ടും നുഴഞ്ഞു കയറ്റം നടത്തിയിരിക്കുന്നത്.
ദ്വീപിന് ചുറ്റും ചൈന നടത്തിയ സൈനികാഭ്യാസത്തെത്തുടർന്ന് തായ്‌വാനിലെ ജനാധിപത്യത്തെയും ദേശീയ സുരക്ഷയെയും സംരക്ഷിക്കുന്നതിനുള്ള സർക്കാരിൻ്റെ സമർപ്പണത്തെക്കുറിച്ച് തായ്‌വാൻ പ്രസിഡൻ്റ് ലായ് ചിംഗ്-ടെ പൊതുജനങ്ങൾക്ക് ഉറപ്പ് നൽകി. ചൈനയ്ക്ക് തായ്‌വാനെ പ്രതിനിധീകരിക്കുന്നതിന് അവകാശമില്ലെന്നും തായ്‌വാൻ കടലിടുക്കിൻ്റെ ഇരുവശങ്ങളും കീഴ്‌പ്പെട്ടവരല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു . ഇതിന് പിന്നാലെയാണ് ചൈന നുഴഞ്ഞുകയറ്റം നടത്തിയത്.