വനിതാ ലോകകപ്പിലെ ചാമ്പ്യനെ അറിയാൻ ഇനി ദിവസങ്ങൾ മാത്രമെ ബാക്കിയുള്ളൂ. ഇന്ത്യക്ക് പ്രതീക്ഷ നഷ്ടമായെങ്കിലും എന്നും കയ്യെത്തും ദൂരത്തുനിന്ന് കപ്പ് വഴുതിപോവാറുള്ള ദക്ഷിണാഫ്രിക്കൻ വനിതകൾക്ക് ഇത് സന്തോഷത്തിൻ്റെ ലോകകപ്പാണ്.
വനിത ട്വൻ്റി20 ലോകകപ്പിൽ കരുത്തരായ ഓസ്‌ട്രേലിയയെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ കടന്നു. കഴിഞ്ഞ എട്ടു ലോകകപ്പുകളിൽ ആറു തവണയും ജേതാക്കളായ ഓസീസിനെ സെമി ഫൈനൽ പോരാട്ടത്തിൽ എട്ടു വിക്കറ്റിനാണ് പ്രോട്ടീസ് വനിതകൾ തകർത്തത്.
വനിത ട്വൻ്റി20 ലോകകപ്പിൻ്റെ ചരിത്രത്തിൽ ഓസ്ട്രേലിയ ഇല്ലാത്ത ആദ്യ ഫൈനലാകും ഇത്തവണത്തേത്. 2009ലെ പ്രഥമ ലോകകപ്പ് മുതൽ ഓസ്ട്രേലിയ ഫൈനൽ കളിക്കുന്നുണ്ട്. കഴിഞ്ഞവർഷത്തെ ടി20 വനിതാ ലോകകപ്പ് ഫൈനലിൽ ഓസീസിനോടു തോറ്റതിനുള്ള മധുരപ്രതികാരം കൂടിയാണ് പ്രോട്ടീസ് വനിതകളുടെ വിജയം. 2023 ലോകകപ്പ് എഡിഷനിൽ ആതിഥേയരായ ദക്ഷിണാഫ്രിക്ക 19 റൺസിനാണ് ഫൈനലിൽ ഓസീസിനോട് പരാജയപ്പെട്ടത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 134 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 16 പന്തുകൾ ബാക്കി നിൽക്കെയാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യത്തിലെത്തിയത്. സ്കോർ: ഓസീസ് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 134 റൺസ്. ദക്ഷിണാഫ്രിക്ക -17.2 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 135 റൺസ്. വെടിക്കെട്ട് അർധ സെഞ്ച്വറിയുമായി ടീമിനെ വിജയത്തിലെത്തിച്ച ദക്ഷിണാഫ്രിക്കൻ ബാറ്റർ അനെകി ബോഷാണ് (48 പന്തിൽ 74 നോട്ടൗട്ട്) പ്ലെയർ ഓഫ് ദ് മാച്ച്.
ദക്ഷിണാഫ്രിക്കക്കെതിരെ മുമ്പ് നടന്ന 10 രാജ്യാന്തര ടി20 മത്സരങ്ങളിൽ ഒമ്പതിലും വിജയിച്ച ഓസീസ് ഇത്തവണയും അനായാസം ജയിച്ചുകയറുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ തകർപ്പൻ പ്രകടനത്തിലൂടെ ദക്ഷിണാഫ്രിക്ക വിജയം പിടിച്ചുവാങ്ങി.