
‘ ഗുരുവിന് ആശ്വസിക്കാം’. ഈശ ഫൗണ്ടേഷനെതിരെയുള്ള കേസ് തള്ളി
കോയമ്പത്തൂര്‍: ഈശ ഫൗണ്ടേഷനെതിരെയുള്ള കേസില്‍ സുപ്രീം കോടതിയുടെ ക്ലീന്‍ ചീറ്റ്. തന്റെ രണ്ട് പെണ്‍മക്കളെ നിർബന്ധപൂർവം ആത്മീയ ഗുരു സദ്ഗുരു ജഗ്ഗി വാസുദേവ് ഈശ യോഗാ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാരോപിച്ച് പിതാവ് നല്‍കിയ ഹര്‍ജിയിലെ നടപടികളാണ് സുപ്രീം കോടതി തള്ളിയത്. യുവതികൾ സ്വന്തം ഇഷ്ടപ്രകാരമാണ് അവിടെ താമസിക്കുന്നതെന്നും മറ്റൊരാളുടെ പ്രേരണയിലല്ല കഴിയുന്നതെന്നും കോടതി വ്യക്തമാക്കി. ഇതോടെ ഹർജി തള്ളുകയായിരുന്നു കോടതി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് വിധി.
വിദേശ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ മകളും സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ഇളയ മകളും ഈശ ഫൗണ്ടേഷനില്‍ പോകുന്നത് പതിവായിരുന്നു. എന്നാല്‍ പിന്നീട് കുട്ടികള്‍ ഈശ കേന്ദ്രത്തില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു. മക്കളെ അനധികൃതമായി കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണെന്നായിരുന്നു പിതാവിന്റ ആരോപണം. തുടർന്ന് പെൺകുട്ടികളുടെ ‘അമ്മ ഹേബിയസ് കോർപ്പസ് ഹർജി നൽകുകയായിരുന്നു.
ഇത് ഫലം കാണാതെ വന്നതോടെ സമാന ആവിശ്യവുമായി പിതാവും കോടതിയിലെത്തുകയായിരുന്നു. കേസില്‍ ഹിയറിംഗ് നടത്തിയ ബെഞ്ച് യുവതികളോട് സംസാരിച്ചു. ഇരുവരുടെയും സംഭാഷണം റെക്കോര്‍ഡ് ചെയ്തു. തുടർന്ന് ഇരു യുവതികളും സ്വന്തം ഇഷ്ടപ്രകാരമാണ് അവിടെ താമസിക്കുന്നതെന്ന് മനസിലായ കോടതി ഹര്‍ജി തള്ളുകയായിരുന്നു.