
ബാംഗ്ലൂർ ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരായി ഇന്ത്യക്കേറ്റ കനത്ത തോൽവി വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഒന്നാം ടെസ്റ്റ് മൽസരത്തിൽ 46 റൺസിന് ഓൾഔട്ടായതിന് പിന്നാലെ വിശദീകരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ രംഗത്തെത്തി.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മോശം ദിവസങ്ങളിലൊന്നായി ഇത് മാറിയതോടെയാണ് രോഹിത് ശർമ മൗനം വെടിഞ്ഞത്. ആദ്യം ബാറ്റ് ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനം അബദ്ധമായിപ്പോയെന്നും പിച്ചിൻ്റെ സ്വഭാവം മനസിലാക്കുന്നതിൽ തനിക്ക് പിഴവ് സംഭവിച്ചുവെന്നും രോഹിത് ശർമ സമ്മതിച്ചു.
സ്വന്തം മണ്ണിൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോറിനാണ് ഇന്ത്യ ഓൾഔട്ടായത്. ഈർപ്പമുള്ള പിച്ചിൽ ടോസ് ലഭിച്ചിട്ടും ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനം മണ്ടത്തരമായിപ്പോയെന്ന് വിമർശനം ഉയർന്നതോടെയാണ് ഇക്കാര്യം ക്യാപ്റ്റനും തുറന്നുസമ്മതിക്കുന്നത്.
കോച്ച് ഗൗതം ഗംഭീർ ഉൾപ്പെടെ ആലോചിച്ചാണ് ആദ്യം ബാറ്റിങ് തീരുമാനിച്ചത്. ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച ക്യാപ്റ്റനും മുഖ്യ പരിശീലകനുമെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. രണ്ട് പേസർമാരെ മാത്രം കളിപ്പിച്ച് ആകാശ് ദീപിനെ ഒഴിവാക്കാനുള്ള തീരുമാനവും ചോദ്യം ചെയ്യപ്പെട്ടു.