ആലിയ ഭട്ട് നായികയായ ‘ജിഗ്ര’ കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിയേറ്ററുകളില്‍ എത്തിയത്. ആലിയ ഭട്ടും വേദാംഗ് റെയ്‌നയും പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ തീയറ്റര്‍ പ്രകടനം നിരാശാജനകമാണെന്ന് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. ഏഴുദിവസം പിന്നിടുമ്പോള്‍ ചിത്രം ബോക്സ് ഓഫീസിൽ വമ്പൻ ഫ്ലോപ്പായി മാറുന്നതായാണ് വിലയിരുത്തൽ
ബോളിവുഡ് ഹംഗാമക്ക് നൽകിയ ഇന്റർവ്യൂവിൽ പറയുകയായിരുന്നു ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ്. ജിഗ്രയുടെ പ്രകടനത്തെ കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: “ഈ ചിത്രം ആലിയ ഭട്ടിന്‍റെ ഹോം പ്രൊഡക്ഷൻ ആണ്, മാത്രമല്ല കരൺ ജോഹറാണ് നിർമാതാവും. അതിനാല്‍ പ്രതീക്ഷകൾ വളരെ വലുതായിരുന്നു. ഒരു സിനിമ വര്‍ക്ക് ആയില്ലെന്ന് വരുമ്പോൾ അതിന്‍റെ ഉള്ളടക്കം ശ്രദ്ധിക്കേണ്ടതുണ്ട്. ചില ബാഹ്യ ഘടകങ്ങൾ ചിത്രത്തെ ബാധിച്ചെന്ന് വാദിച്ച് നില്‍ക്കാം. പക്ഷേ മികച്ച പ്രമോഷനുകൾ ഉണ്ടായിട്ടും ദസറ അവധിക്കാല റിലീസായിരുന്ന ചിത്രം തീയറ്ററുകളിൽ വലിയ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞില്ല,” എന്ന് അദ്ദേഹം കൂട്ടിക്കിച്ചേർത്തു.
“സിനിമയുടെ പ്രദർശനം അവധി ദിവസങ്ങളിലും വലിയ മുന്നേറ്റം കാഴ്ചവെച്ചില്ല. ശനിയാഴ്ചയും ഞായറാഴ്ചയും തമ്മിലുള്ള കളക്ഷനിൽ കുത്തനെ ഇടിവ് ഉണ്ടായത് സിനിമയുടെ ഭാവി വ്യക്തമാക്കുന്നു. ചിത്രത്തിന് ദീപാവലി വരെ ഓപ്പൺ റൺ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം, പക്ഷേ നിലവിൽ ചിത്രം നെഗറ്റീവ് അഭിപ്രായത്തിലാണ്,” എന്നും തരണ്‍ ആദര്‍ശ് വ്യക്തമാക്കി.
കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സും ആലിയ ഭട്ടും ചേര്‍ന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ ബജറ്റ് ഏകദേശം 80 കോടിയോളം ആയിരുന്നു. , ഇപ്പോഴത്തെ കണക്കുകള്‍ പ്രകാരം ചിത്രം ആദ്യ ഏഴ് ദിവസത്തിനുള്ളില്‍ വെറും 22.5 കോടിയോളം മാത്രമാണ് സമ്പാദിച്ചത്.
2014-ന് ശേഷം റിലീസായ ആലിയ ഭട്ടിന്റെ സിനിമകളിൽ വെച്ച് ഏറ്റവും മോശമായ ഓപ്പണിംഗ് ആണ് ‘ജിഗ്ര’ സ്വന്തമാക്കിയത്. ‘റാസി’യും ‘ഗംഗുഭായ് കത്യാവാഡി’യും നേടിയ 7.5 കോടി മുതൽ 10.5 കോടി വരെയുള്ള ഓപ്പണിംഗ് കളക്ഷന്‍റെ നിലയില്‍ നിന്ന് ‘ജിഗ്ര’ കുഴഞ്ഞുമാറിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്.
ചിത്രം മുടക്കുമുതല്‍ തിരിച്ച് പിടിക്കുമോ എന്നത് ഇപ്പോഴും വലിയ സംശയമായി തുടരുകയാണ്.