വാഷിങ്ടണ്‍: ഇന്ത്യയും കാനഡയും തമ്മിലുള്ള പ്രശ്നങ്ങളുടെ തീവ്രത കുറയുന്നു. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര പ്രശ്നങ്ങള്‍ നിലനിൽക്കെ അവ വാണിജ്യ ബന്ധത്തിൽ യാതൊരു തടസ്സവും ഉണ്ടാക്കില്ലെന്ന് തുറന്ന് പറഞ്ഞ് കാനഡയുടെ വാണിജ്യ മന്ത്രി രംഗത്തെത്തി. ഇന്ത്യയിൽ ബിസിനസ് നടത്തുന്ന കനേഡിയൻ കമ്പനികൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും വാണിജ്യ മന്ത്രി മേരി നിങ് വ്യക്തമാക്കി.
കനേഡിയൻ പൗരർക്കെതിരേ ഇന്ത്യയിൽ നടക്കുന്ന ക്രിമിനൽ കുറ്റകൃത്യങ്ങൾക്ക് ഇന്ത്യൻ സർക്കാർ പിന്തുണ നൽകുന്നുവെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ഇതേതുടർന്ന് ഇരുരാജ്യവും തമ്മിലെ നയതന്ത്രബന്ധത്തിൽ വിള്ളൽ വീണു.
പിന്നാലെ കാനഡയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യൻ ഹൈകമ്മീഷണറെ ഇന്ത്യ തിരികെ വിളിച്ചിരുന്നു. കാനഡയുടെ നയതന്ത്ര പ്രതിനിധികളെ ഇന്ത്യയിൽ നിന്ന് പുറത്താക്കിയതോടെ കാനഡയ്ക്ക് ഇന്ത്യയോടുള്ള വിദ്വേഷം രൂക്ഷമായി. ഏതെങ്കിലും വിദേശ രാജ്യം തങ്ങളുടെ പൗരന്‍മാരെ ഭീഷണിപ്പെടുത്താനോ അവര്‍ക്ക് ദോഷം വരുത്തും വിധം പ്രവര്‍ത്തിക്കാനോ അനുവദിക്കില്ലെന്നും കാനഡയുടെ മന്ത്രി പറഞ്ഞു.
അതേസമയം രാജ്യങ്ങളുടെ സാമ്പത്തിക താൽപര്യങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഇന്ത്യയും നീതിന്യായ വ്യവസ്ഥയുടെ മൂല്യങ്ങള്‍ പാലിക്കണം. കാനഡ ഇന്ത്യയുമായി തുറന്ന ചര്‍ച്ചകള്‍ക്ക് തയാറാണ്. ഏറെ വിലമതിക്കുന്ന ഇന്ത്യയുമായുള്ള ബന്ധം തുടരാനും കാനഡ ആഗ്രഹിക്കുന്നുവെന്ന് വാണിജ്യ മന്ത്രി വ്യക്തമാക്കി.
അറുനൂറിലേറെ കനേഡിയൻ കമ്പനികളും സംഘടനകളും ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. 2022-2023 സാമ്പത്തികവർഷം 8270 കോടി ഡോളറിൻ്റെ ഉഭയകക്ഷി വ്യാപാരമാണ് ഇരുരാജ്യങ്ങളും തമ്മിൽ നടന്നത്. 2022-ൽ ഇന്ത്യയുടെ 13-ാം വാണിജ്യ പങ്കാളിയായിരുന്നു കാനഡ.