ക്രിക്കറ്റ് ലോകത്ത് പതിറ്റാണ്ടുകളുടെ തിളക്കമാണ് മഹേന്ദ്ര സിംഗ് ധോണിക്ക്. ക്യാപ്റ്റൻ കൂളായി ഇന്ത്യൻ ടീമിനെ നിരവധി മത്സരങ്ങളിൽ അദ്ദേഹം നയിച്ചിട്ടുണ്ട്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ഇന്നും ലോക ക്രിക്കറ്റിൽ ഒരുപാട് ആളുകൾക്ക് ആരാധന കഥാപാത്രമാണ്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും അദ്ദേഹം ഇപ്പോഴും ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ (ഐപിഎൽ) 2025 എഡിഷനിൽ ധോണി കളിക്കുമോ എന്നുള്ളതാണ് നിലവിലെ ഏറ്റവും വലിയ ചർച്ചാവിഷയങ്ങളിൽ ഒന്ന്. അവസാനമായി ചെന്നൈ ജേഴ്സിയിൽ അദ്ദേഹം ഇറങ്ങുന്നത് കാണാൻ ആരാധകർ കാത്തിരിക്കുകയാണ്.
ബിസിസിഐ അവതരിപ്പിച്ച പുതിയ നിയമം അനുസരിച്ച് അദ്ദേഹത്തെ ‘അൺക്യാപ്ഡ്’ ആയി ചെന്നൈക്ക് നിലനിർത്താം. അതിനാൽ തന്നെ ധോണിക്ക് 4 കോടി രൂപ നൽകിയാൽ മതിയാകും. ധോണിയും ടീമും തമ്മിൽ ഇത് സംബന്ധിച്ചുള്ള ചർച്ചകൾ ആരംഭിച്ച് കഴിഞ്ഞു.
കഴിഞ്ഞ നാളുകളിലൊക്കെ പരിക്കിൻ്റെ ബുദ്ധിമുട്ടുകൾ അലട്ടിയെങ്കിലും ഈ പ്രായത്തിലും കീപ്പിങ്ങിലും ബാറ്റിംഗിലും തനിക്ക് പകരമാകാൻ ആരും ഇല്ലെന്ന് ധോണി തൻ്റെ പ്രകടനത്തിലൂടെ പലപ്പോഴായും കാണിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ ഇതിഹാസം എബി ഡിവില്ലിയേഴ്സ് എപ്പോഴും ധോണി ആരാധകനാണ്. ധോണിയുടെ ക്രിക്കറ്റ് ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഡിവില്ലേഴ്‌സ് രംഗത്തെത്തിയിരിക്കുകയാണ്.
“എല്ലാ വർഷവും എംഎസ് ധോണിയെ ക്രിക്കറ്റ് ലോകത്ത് കാണാൻ സാധിക്കും. അയാൾക്ക് 80 വയസിൽ പോലും നല്ല രീതിയിൽ കളിക്കാൻ കഴിയും. വീൽചെയറിലാണെങ്കിലും ധോണി ചെന്നൈക്കൊപ്പമുണ്ടാകും.” ഡിവില്ലിയേഴ്സ് പറഞ്ഞു.