ഇടതുമായി അകന്ന് സ്വന്തം രാഷ്ട്രീയ നീക്കം നാടത്തുന്ന പിവി അൻവർ എംഎൽഎ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആലോചന. ഡിഎംകെ (അൻവർ) എന്ന സാമൂഹിക കൂട്ടായ്മയുടെ പിന്തുണയോടെ മത്സരിക്കാൻ സ്വതന്ത്ര സ്ഥാനാർത്ഥിയെ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ അൻവർ തന്നെ മത്സരിക്കാനാണ് സാധ്യത.
എംഎല്‍എ സ്ഥാനം രാജിവെച്ച് പാലക്കാട് മത്സരിക്കുമോ എന്ന ചോദ്യത്തിന് ‘അതൊക്കെ നമുക്ക് കാണാം, സമയമുണ്ടല്ലോ, സമയമുണ്ടല്ലോ’ എന്നായിരുന്നു മറുപടി. ഇത്തരം വാര്‍ത്തകള്‍ തള്ളുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ എന്തിന് തള്ളണമെന്നായി പ്രതികരണം.
‘എന്തുവേണമെങ്കിലും ഈ ജനാധിപത്യ രാജ്യത്ത് ചെയ്യാമല്ലോ.. മത്സരിക്കാം, മത്സരിക്കാതിരിക്കാം, രാജിവെക്കാം, എന്തുമാകാം. സരിന്‍ എന്താണ് ചെയ്യേണ്ടത് എന്ന് സരിന് തീരുമാനിക്കാം. രാവിലെ 10 മണിക്ക് പാലക്കാട് വാര്‍ത്താസമ്മേളനത്തില്‍ സര്‍പ്രൈസായി കാര്യങ്ങള്‍ പറയും. ഞാന്‍ നേരത്തെ തന്നെ പറയുന്ന രാഷ്ട്രീയ നെക്‌സസിന്റെ ഉറക്കം നഷ്ടപ്പെടും’ -അന്‍വര്‍ പറഞ്ഞു.
അങ്ങനെ സംഭവിക്കുക ആണെങ്കിൽ മൂന്ന് മുന്നണികൾക്കും പുതിയ തിരഞ്ഞെടുപ്പ് അടവുകൾ സ്വീകരിക്കേണ്ടി വരും. കോൺഗ്രസ് യുവ നേതാക്കളിൽ ഒരാൾ ആയിരുന്ന ഡോക്ടർ സരിൻ ഇടത് പാളയത്തിൽ എത്തുന്നതോടെ കോൺഗ്രസിന് കാര്യങ്ങൾ കടുക്കും. രാഹുൽ മാങ്കുട്ടത്തിൽ വിയർക്കും.സരിൻ ഇടത് സ്ഥാനാർത്ഥി ആകുകയാണെങ്കിലും വലിയ വെല്ലുവിളി ഇല്ലെന്ന് കരുതിയിരുന്ന കോൺഗ്രസിന് പിവി അൻവർ കൂടി കളത്തിൽ ഉണ്ടെങ്കിൽ നഷ്ടം സംഭവിക്കും.
ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാൻ അൻവറിന് സാധിക്കുമോ എന്നതാണ് ഇടത് വലത് മുന്നണികൾ ഉറ്റുനോക്കുന്നത്. പാലക്കാട് കോൺഗ്രസിൽ ഷാഫി വിരുദ്ധ വിഭാഗത്തിൻ്റെ പിന്തുണയാണ് സരിനും അൻവറും നേടിയെടുക്കാൻ ലക്ഷ്യമിടുന്നത്.
എന്നാല് സാധാരണ പ്രവർത്തരുടെ മനസ്സ് കോൺഗ്രസിന് നഷ്ടമാകില്ല എന്ന വിശ്വാസത്തിലാണ് യുഡിഎഫ് കേന്ദ്രം. ഇന്ന് വൈകുന്നേരം പാലക്കാട് എത്തുന്ന രാഹുൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.