കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ അധിക്ഷേപ വാക്കുകളിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത എഡിഎം നവീൻ ബാബുവിൻ്റെ സംസ്കാരം പത്തനംതിട്ടയിൽ നടക്കുന്ന അതേ സമയത്ത് മരണത്തിനുത്തരവാദികളായ അധികാരികളെ പുറത്താക്കുക, അറസ്റ്റ് ചെയ്ത് തുറുങ്കലിലടക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടത്തി.
പ്രതിഷേധയോഗം കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ.ജി സുബാേധൻ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ സത്യസന്ധതയും കാര്യക്ഷമതയും കൈമുതലായ ഉദ്യോഗസ്ഥരെ ഇടതുഭരണം ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അഴിമതി രഹിതരായ ഉദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ച് വേട്ടയാടുകയാണ്.
അധികാരികൾ ആജ്ഞാപിക്കും വിധം ഉത്തരവിറക്കിയില്ലെങ്കിൽ അവരെ ഭീഷണിപ്പെടുത്തിയും പരസ്യമായി അപമാനിച്ചും ഇല്ലാതാക്കാനുള്ള അജണ്ടയാണ് എൽ ഡി എഫ് കാലത്ത് എല്ലാ തലത്തിലുമുള്ള അധികാരികൾ വച്ചുപുലർത്തുന്നത്. സി പി എം നേതാക്കളുടെ ബിനാമി സ്വത്ത് ആർജ്ജിക്കലിൻ്റെ രക്തസാക്ഷിയാണ് നവീൻ ബാബു -ജി സുബോധൻ പറഞ്ഞു.
കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ഇർഷാദ് എം എസ് അദ്ധ്യക്ഷത വഹിച്ചു .ജനറൽ സെക്രട്ടറി കെ പി പുരുഷോത്തമൻ, ട്രഷറർ കെ.എം അനിൽ കുമാർ, ഗോവിന്ദ് ജി ആർ, എ സുധീർ, റൈസ്റ്റൺ പ്രകാശ് സി സി, സജീവ് പരിശവിള, ജെയിംസ് മാത്യു ,സൂസൻ ഗോപി, ഉമൈബ വി, സുരേഷ് എൻ, കീർത്തി നാഥ് ജി എസ്,ബാലു മഹേന്ദ്ര, ഷിബു ഇബ്രാഹിം, രാജേഷ് എം ജി, രാജേഷ്കുമാർ ജി , അജയകുമാർ വി എസ് തുടങ്ങിയവർ പ്രസംഗിച്ചു.