
ഹരിയാന; ബിജെപി മൂന്നാമതും അധികാരത്തിലെത്തിയ ഹരിയാനയില്‍ മുഖ്യമന്ത്രിയായി നയാബ് സിംഗ് സൈനി സത്യപ്രതിജ്ഞ ചെയ്തു.ചണ്ഡീഗഡിലെ പഞ്ച്കുളയില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി നേതാക്കളും എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ 18 മുഖ്യമന്ത്രിമാരും പങ്കെടുത്തു. ഹരിയാന ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ സത്യവാചകം ചൊല്ലിക്കൊടുത്തു.
ബിജെപി നേതാക്കളായ അനില്‍ വിജ്, കൃഷന്‍ ലാല്‍ പന്‍വാര്‍, റാവു നര്‍ബീര്‍ സിംഗ് എന്നിവരും അധികാരമേറ്റു. സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് തന്റെ ഗുരുദ്വാരയായ വാല്‍മീകി ഭവനിലും പഞ്ച്കുളയിലെ മാന്‍സ ദേവി ക്ഷേത്രത്തിലും പ്രാര്‍ത്ഥനകളും പൂജകളും നടത്തിയാണ് സൈനി സത്യ പ്രതിജ്ഞാ ചടങ്ങില്‍ എത്തിയത്. 30 വര്‍ഷത്തിലധികമായി സജീവ രാഷ്ട്രീയത്തില്‍ സൈനിയുണ്ട്.
ഹരിയാന മുന്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറാണ് സൈനിയെ രാഷ്ട്രീയത്തിലെത്തിച്ചത്. 2014-ല്‍ നരൈന്‍ഗഡില്‍ നിന്ന് ആദ്യമായി എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെട്ട സൈനി പിന്നീട് 2016-ല്‍ സംസ്ഥാന മന്ത്രിസഭയില്‍ അംഗമായി. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നിര്‍മ്മലിനെ തോല്‍പ്പിച്ച് കുരുക്ഷേത്രയില്‍ എംപിയായിരുന്നു. ഹരിയാനയില്‍ ബിജെപി മൂന്നാം തവണയും വിജയിച്ചാല്‍ ഹരിയാനയുടെ മുഖ്യമന്ത്രിയായി നയാബിനെ തെരെഞ്ഞെടുക്കുമെന്ന പാര്‍ട്ടി വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു.