KeralaNews

നവീൻ ബാബു ഇനി ഓർമ്മ! ചിതയ്ക്ക് തീകൊളുത്തി പെൺമക്കൾ

മുറിഞ്ഞ ഹൃദയവും നിറഞ്ഞ കണ്ണുകളുമായി നവീൻ ബാബുവിന് വിട നല്‍കി നാട്. ആയിരക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി മക്കളായ നിരഞ്ജനയും നിരുപമയും ചിതയ്ക്ക് തീ കൊളുത്തി. സഹപ്രവർത്തകരും സുഹൃത്തുക്കളും ബന്ധുക്കളും കണ്ണീരോടെ സാക്ഷ്യം വഹിച്ചു. മക്കളും സഹോദരന്‍ അരുണ്‍ ബാബു ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും അന്തിമോപചാരം അര്‍പ്പിച്ച ശേഷമാണ് ഭൗതികദേഹം വീട്ടുവളപ്പില്‍ ഒരുക്കിയ ചിതയിലേക്കെടുത്തത്.

നിരഞ്ജനയും നിരുപമയും അവസാനമായി അച്ഛന് അന്ത്യചുംബനം നല്‍കിയപ്പോള്‍ അത് കണ്ടുനിന്നവരുടേയും കണ്ണ് നിറഞ്ഞു. ബന്ധുവിനെ കെട്ടിപ്പിടിച്ച് കരച്ചിലടക്കിയ ഭാര്യ മഞ്ജുവും കണ്ണീര്‍ കാഴ്ച്ചയായി.

രാവിലെ 11.30-നാണ് മൃതദേഹം മലയാലപ്പുഴയിലെ അദ്ദേഹത്തിന്റെ വീട്ടില്‍കൊണ്ടുവന്നത്. രാവിലെ മുതല്‍ കളക്ടറേറ്റില്‍ പൊതുദര്‍ശനം ഏര്‍പ്പെടുത്തിയിരുന്നു. കളക്ടറേറ്റില്‍ നടന്ന പൊതുദര്‍ശന ചടങ്ങിലേക്ക് നൂറുകണക്കിന് ആളുകളാണ് അവസാനമായി നവീനെ കാണാനെത്തിയത്. പിബി നൂഹ്, ദിവ്യ എസ് അയ്യര്‍ ഉള്‍പ്പെടെയുള്ളവര്‍ നവീന് കണ്ണീരോടെ വിട നല്‍കി. രാവിലെ മുതല്‍ അനുഭവപ്പെട്ട നീണ്ട തിരക്കിന് ശേഷം മൃതദേഹം അകമ്പടിയോടെ വീട്ടിലേക്കെത്തിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് കണ്ണൂരില്‍നിന്ന് മൃതദേഹം ആംബുലന്‍സില്‍ പത്തനംതിട്ട ക്രിസ്ത്യന്‍ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ എത്തിച്ചത്. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ. വിജയന്‍, സി.പി.എം. കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി. ജയരാജന്‍, നവീന്റെ സഹോദരന്‍ അഡ്വ. കെ. പ്രവീണ്‍ ബാബു, ബന്ധുക്കള്‍ എന്നിവര്‍ മൃതദേഹത്തെ അനുഗമിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *