കറുത്തമ്മയെയും പരീക്കുട്ടിയെയും സിനിമ പ്രേമികൾ ഒരിക്കലും മറക്കില്ല. ജീവിതത്തിൽ നഷ്ടപ്രണയത്തിന്റെ കയ്പ്പ് രുചിച്ചിട്ടുള്ളവർ ഒരിക്കലെങ്കിലും പരീക്കുട്ടിയെപ്പോലെ മാനസ മൈനേ വരൂ… എന്ന് പാടിയിട്ടുണ്ടാകും. അതിനാൽ തന്നെ കറുത്തമ്മയെയും പരീക്കുട്ടിയെയും അനശ്വരരാക്കിയ മധുവിനെയും ഷീലയെയും ആരും മറക്കില്ല. ഇരുവരും നാല്പത്തിയഞ്ചോളം സിനിമകളിൽ ഒരുമിച്ചഭിനയിച്ചിട്ടുണ്ടെങ്കിലും ഹിറ്റ് ജോഡിയായി മാറിയത് നസീറും ഷീലയുമായിരുന്നു. എന്നാൽ പ്രീയ നായകൻ ആരാണെന്ന് ഷീലയോട് ചോദിച്ചാൽ അന്നും ഇന്നും ഷീലയ്ക്ക് ഒരുത്തരമേയുള്ളു. അത് കറുത്തമ്മയുടെ പരീക്കുട്ടി തന്നെയാണ്.
സമയം കിട്ടിയാൽ എപ്പോഴും പരീക്കുട്ടിയെ കാണാൻ കറുത്തമ്മ ഓടിയെത്താറുണ്ട്. വാർധക്യ സഹജമായ ബുദ്ധിമുട്ടുകളെ തുടർന്ന് മധു ഇപ്പോൾ വിശ്രമ ജീവിതം നയിക്കുകയാണ്. ഇപ്പോൾ തന്റെ പ്രീയ നായകനെ കാണാൻ ഓടിയെത്തിയിരിക്കുകയാണ് ഷീല. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. തിക്കുറിശ്ശി ജന്മദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യാനായി ഷീല തിരുവനന്തപുരത്ത് എത്തിയിരുന്നു. ഇതിന് ശേഷമാണ് കറുത്തമ്മ പരീക്കുട്ടിയെ കാണാൻ കണ്ണമ്മൂലയിലെ വീട്ടിലേക്ക് ഓടിയെത്തിയത്.
പൂക്കൾ നിറച്ച ബൊക്കയുമായാണ് ഷീല മധുവിനെ കാണാനെത്തിയത്. ഷീലയെ കണ്ടതും തന്റെ വാർധക്യ സഹജമായ ബുദ്ധിമുട്ടുകൾ മധു മറന്നു എന്നുതന്നെ പറയാം. കുറച്ച് റൊമാന്റിക്കായിട്ട് ഇരിക്ക് ഷീലേ എന്നായിരുന്നു ചിത്രമെടുക്കാനായി അടുത്തിരുന്നപ്പോൾ മധുവിന്റെ കമന്റ്. വീണ്ടും സമയം കിട്ടുമ്പൊക്കെ വരണമെന്ന് പറഞ്ഞുകൊണ്ടാണ് കറുത്തമ്മയെ പരീക്കുട്ടി യാത്രയാക്കിയത്.