
ക്ഷേമ പെൻഷൻ കുടിശിക അഞ്ച് മാസം!
ക്ഷേമ പെൻഷൻ കുടിശിക അഞ്ച് മാസത്തിലേക്ക്. ഒക്ടോബർ 31 പൂർത്തിയാകുന്നതോടെ ക്ഷേമ പെൻഷൻ കുടിശിക 5 മാസമായി ഉയരും.
ഒരു മാസത്തെ ക്ഷേമപെൻഷനും ക്ഷേമനിധി ബോർഡ് പെൻഷനും കൊടുക്കാൻ 900 കോടി രൂപ വേണം. അഞ്ച് മാസത്തെ കുടിശിക കൊടുക്കാൻ 4500 കോടി രൂപ കണ്ടെത്തണം. ഉപതെരഞ്ഞെടുപ്പിൽ ക്ഷേമ പെൻഷൻ കുടിശിക സർക്കാരിനെതിരെയുള്ള വോട്ടായി മാറുമോ എന്ന ആശങ്കയിലാണ് ഇടതു കേന്ദ്രങ്ങൾ.
ക്ഷേമ പെൻഷൻ കുടിശിക തെരഞ്ഞെടുപ്പിൽ ഒരു പ്രധാന വിഷയമായി പ്രതിപക്ഷം ഉന്നയിക്കുമെന്ന് ഉറപ്പാണ്.കെട്ടിട നിർമ്മാണ തൊഴിലാളി പെൻഷൻ കുടിശിക ആയിട്ട് ഒരു വർഷമായി. 3 ലക്ഷം പേരാണ് കെട്ടിട നിർമ്മാണ തൊഴിലാളി പെൻഷൻ വാങ്ങുന്നത്. ഇവരുടെ മറ്റ് ആനുകൂല്യങ്ങളും ഒരു വർഷമായി മുടങ്ങിയിരിക്കുകയാണ്.
ലോക സഭ തെരഞ്ഞെടുപ്പിലെ ദയനിയ തോൽവിക്ക് ക്ഷേമ പെൻഷൻ കുടിശിക പ്രധാന കാരണമായി സി പി എമ്മും വിലയിരുത്തിയിരുന്നു. എന്നിട്ടും ഇത് കൃത്യമായി കൊടുക്കുന്നതിൽ കെ.എൻ. ബാലഗോപാലിന് വീഴ്ച സംഭവിച്ചു.ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാടും വയനാടും ഇടതു മുന്നണിക്ക് വിജയപ്രതീക്ഷ ഇല്ല.
സിറ്റിംഗ് സീറ്റായ ചേലക്കരയിൽ ക്ഷേമ പെൻഷൻ കുടിശിക അടക്കമുള്ള ആനുകൂല്യങ്ങൾ നിഷേധിച്ചത് ചർച്ചയായാൽ ചേലക്കരയും നഷ്ടപ്പെടും. ചേലക്കര കൂടി നഷ്ടപ്പെട്ടാൽ പിണറായി യുഗത്തിന് തിരശീല വീഴുമെന്നാണ് രാഷ്ട്രിയ നിരീക്ഷകരുടെ വിലയിരുത്തൽ.