
കറുപ്പഴകിൽ തിളങ്ങി കീർത്തി സുരേഷ്; ജന്മദിനാശംസകളുമായി ആരാധകർ
കുറഞ്ഞ കാലം കൊണ്ട് സിനിമയിൽ മികച്ച നടിയായി വളർന്ന താരപുത്രിയാണ് കീർത്തി സുരേഷ്. നടി മേനക സുരേഷിന്റെയും നിർമാതാവ് സുരേഷ് കുമാറിന്റെയും ഇളയ മകളാണ് കീർത്തി. ബാലതാരമായാണ് താരം സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഇന്ന് തെന്നിന്ത്യൻ സിനിമയുടെ പ്രിയതാരമായി മാറിയിരിക്കുകയാണ് കീർത്തി.
പുതിയ ഫോട്ടോകൾ പങ്കുവെയ്ക്കുന്നത് പതിവായ കീർത്തി, തന്റെ ജന്മദിനത്തോടനുബന്ധിച്ച് പുതിയ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. കറുത്ത നിറത്തിലുള്ള സാരിയിൽ അതീവ സുന്ദരിയായി നിൽക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിട്ടുള്ളത്. “ഗ്ലോ ആൻഡ് ലെറ്റ് ഗ്ലോ” എന്ന അടിക്കുറിപ്പോടെയാണ് കീർത്തി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ചിത്രങ്ങൾ പങ്കുവെച്ചത്.

ചിത്രങ്ങൾക്ക് പിന്നാലെ നിരവധി പേരാണ് ജന്മദിനാശംസകൾ നേർന്ന് എത്തിയിരിക്കുന്നത്. 1992-ലാണ് കീർത്തി ജനിച്ചത്, ബാലതാരമായി 2000-ൽ അഭിനയജീവിതം ആരംഭിച്ച്, പിന്നീട് മലയാളത്തിലെ “ഗീതാഞ്ജലി” എന്ന ചിത്രത്തിലൂടെ നായികയായി വീണ്ടും സിനിമയിൽ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.

തമിഴ് സിനിമയിലേക്ക് പോയതോട് കൂടിയാണ് കീര്‍ത്തിയുടെ കരിയര്‍ മാറുന്നത്. തമിഴിൽ അഭിനയിച്ച സിനിമകളൊക്കെ ശ്രദ്ധേയമായതോടെ നടിയുടെ കരിയര്‍ ഉയരത്തിലേക്ക് എത്തി. തെലുങ്ക് ചിത്രമായ “മഹാനടി”യിൽ മഹാനടി സാവിത്രി എന്ന കഥാപാത്രത്തെ അനായാസമായി അവതരിപ്പിച്ച് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി.