വനിതാ ലോകകപ്പിൽ (icc women t20 worldcup) നടന്ന ഇന്ത്യയുടെ വൻ തോൽവി ക്യാപ്റ്റൻ ഹർമൻ പ്രീതിൻ്റെ മുന്നോട്ടുള്ള ക്രിക്കറ്റ് ഭാവിയെ കാര്യമായി തന്നെ ബാധിക്കും. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻസിയിൽ നിന്നും ഹർമൻപ്രീത് കൗറിനെ നീക്കിയേക്കുമെന്നാണ് ക്രിക്കറ്റ് ബോർഡിൽ നിന്നും വരുന്ന റിപ്പോർട്ട്.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഐ.സി.സി വനിതാ ട്വൻ്റി-20 ലോകകപ്പിൽ ഇന്ത്യ ഗ്രൂപ്പ് സ്റ്റേജിൽ തന്നെ പുറത്തായതിന് പിന്നാലെയാണ് ഹർമ്മൻ്റെ ക്യാപ്റ്റൻ സ്ഥാനം തെറിക്കുമെന്ന് ഉറപ്പായത്. ഒരുപാട് പ്രതീക്ഷകളുമായി ലോകകപ്പിന് എത്തിയ ഇന്ത്യൻ ടീമിന് കന്നിക്കപ്പ് പ്രതീക്ഷകൾ ഉപേക്ഷിച്ച് മടങ്ങേണ്ടിയും വന്നു.
ഗ്രൂപ്പ് എയിൽ മൂന്നാം സ്ഥാനക്കാരായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ന്യൂസിലാൻഡനെതിരെയും ഓസ്ട്രേലിയക്കെതിരെയും തോറ്റ ഇന്ത്യൻ പെൺപ്പട പാകിസ്താനെയും ശ്രീലങ്കയെയുമാണ് തോൽപ്പിച്ചത്. നിർണായക മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ തോറ്റതാണ് തിരിച്ചടിയാവാനുള്ള കാരണം.
ന്യൂസിലാൻഡും ഓസ്ട്രേലിയയുമാണ് ഗ്രൂപ്പ് എയിൽ നിന്നും സെമി പ്രവേശനം നേടിയത്. സെമി കാണാതെ ഇന്ത്യ പുറത്തായതിന് പിന്നാലെ ഇന്ത്യൻ വനിതാ ടീമിനും ഹർമൻപ്രീത് കൗറിനുമെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. നിർണായക മത്സരങ്ങളിൽ ഇന്ത്യയ്ക്ക് മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിയാതെ പോയത് ഹർമൻപ്രീതിന്റെ ക്യാപ്റ്റൻസിയും അപകടത്തിലാക്കി. ടീമിൻ്റെ ഹെഡ് കോച്ച് അമോൽ മുജുംദാറും ബി.സി.സി.ഐ സെലക്ഷൻ കമ്മിറ്റിയും ഇക്കാര്യത്തിൽ ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്.