ദില്ലി: വയനാട് ലോക്‌സഭാ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിക്കെതിരെ ബിജെപിയുടെ പരിഗണനയിൽ നടി ഖുഷ്ബുവും. ഖുഷ്ബുവിന്റെ പേരിന്റെ സാധ്യതയെക്കുറിച്ച് ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തോട് അഭിപ്രായം ചോദിച്ചുവെന്നും അനുകൂലമായ നിലപാടാണ് കേരള നേതാക്കൾ സ്വീകരിച്ചതെന്നുമാണ് അറിയുന്നത്.
മൂന്നുപേരുടെ പട്ടികയാണ് ബിജെപി കേരള ഘടകം കേന്ദ്രത്തിന് നൽകിയത്. ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ള കുട്ടി, കോഴിക്കോട് കോർപറേഷൻ കൗൺസിലർ നവ്യ ഹരിദാസ്, മുൻ വക്താവ് സന്ദീപ് വാര്യർ എന്നിവരുടെ പേരുകളാണ് സമർപ്പിച്ചിരുന്നത്. അതിനെ മറികടന്നാണ് ഖുഷ്ബുവിന്റെ സാധ്യതയെക്കുറിച്ച് ആരാഞ്ഞിരിക്കുന്നത്.
എന്നാൽ ഖുഷ്ബുവിന്റെ പ്രവർത്തന മണ്ഡലമായ തമിഴ് ബിജെപി ഇതിനോട് യോജിക്കാൻ സാധ്യതയില്ലെന്നാണ് അറിയുന്നത്. ഖുഷ്ബുവിന്റെ താരപരിവേഷം തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ അനുകൂലമായി വരുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
രാഹുൽഗാന്ധിയുടെ ഭൂരിപക്ഷത്തെ മറികടക്കുന്ന തെരഞ്ഞെടുപ്പ് ഫലമായിരിക്കും പ്രിയങ്ക ഗാന്ധിക്കുണ്ടാകുന്നതെന്ന് ഉറപ്പാക്കി മുന്നോട്ട് പോകുന്ന കോൺഗ്രസിന് കടുത്ത മത്സരം നൽകാനുള്ള ചിന്തയിലാണ് ബിജെപി.
ഇടതുമുന്നണി സ്ഥാനാർത്ഥിയായ സത്യൻ മൊകേരിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതോടെ വയനാട് തെരഞ്ഞെടുപ്പ് ചിത്രം ഏകദേശം തെളിഞ്ഞുവരികയാണ്. എൻ.ഡി.എയുടെ സ്ഥാനാർത്ഥി നിർണ്ണയം നാളെയോ മറ്റന്നാളോ ഉണ്ടാകുമെന്നാണ് കരുതുന്നത്.