
ഡല്‍ഹിയില്‍ വായു മലിനീകരണം ഗണ്യമായി കൂടുന്നു, അടിയന്തര യോഗം വിളിച്ച് പരിസ്ഥിതി മന്ത്രി
ന്യൂഡല്‍ഹി: ഡല്‍ഹി ആനന്ദ വിഹാറില്‍ അന്തരീക്ഷ മലിനീകരണം വര്‍ധിക്കുന്നു. ഇത് ശുദ്ധവായുവിന്‍രെ തോത് ഗണ്യമായി കുറയാന്‍ കാരണമായിരിക്കുകയാണ്. ഇക്കാരണത്താല്‍ തന്നെ പരിസ്ഥിതി മന്ത്രി അടിയന്തരയോഗം വിളിച്ചിരിക്കുകയാണ്. ദേശീയ തലസ്ഥാനത്തെ 13 ഹോട്ട്സ്പോട്ടുകളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് വ്യാഴാഴ്ച ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരോടും നിര്‍ദ്ദേശിച്ചു. 13 ഹോട്ട്സ്പോട്ടുകളില്‍ പ്രത്യേക പ്രചാരണം നടത്താന്‍ ആം ആദ്മി പാര്‍ട്ടി നേതാവ് നാളെ ഡല്‍ഹി സെക്രട്ടേറിയറ്റില്‍ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ടെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മലിനീകരണത്തെക്കുറിച്ച് അടിയന്തര സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹി മുഖ്യമന്ത്രി അതിഷി ബുധനാഴ്ച പ്രധാന ഉദ്യോഗസ്ഥരുമായി ഒരു ഉന്നതതല യോഗം വിളിച്ചിരുന്നു. പിന്നാലെയാണ് പരിസ്ഥിതി മന്ത്രിയുടെ നീക്കം. ശൈത്യകാലം വരികയാണെന്നും അതിന് മുന്‍പ് തന്നെ ഡല്‍ഹിയിലെ മലിനീകരണം നിയന്ത്രിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. മലിനീകരണം കുറയ്ക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്ന കാമ്പെയ്നില്‍ ജനങ്ങളുടെ പൂര്‍ണ്ണ പിന്തുണ ആവശ്യമാണെന്നും മുഖ്യമന്ത്രി പൊതുജനങ്ങളോട് വ്യക്തമാക്കി.
ദേശീയ തലസ്ഥാനത്തെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (എക്യുഐ) 200 കടന്നിരുന്നു. അതിനാലാണ് ദ്രുതഗതിയിലുള്ള ഈ നീക്കം, റോഡുകളില്‍ മെക്കാനിക്കല്‍ സ്വീപ്പിംഗും വെള്ളം തളിക്കലും നടത്തണം, സുപ്രധാന സ്‌പോട്ടുകളില്‍ ആന്റി-സ്‌മോഗ് ഗണ്ണുകള്‍ ഉപയോഗിക്കുക, മാലിന്യങ്ങള്‍ കത്തിക്കുന്നതിന് പൂര്‍ണ്ണമായ നിരോധനം, ഗതാഗതക്കുരുക്ക് നിയന്ത്രണം, 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളവ (ഡീസല്‍), 15 വര്‍ഷം (പെട്രോള്‍) വാഹനങ്ങള്‍ എന്നിവ നിരോധനം എന്നിവയാണ് അന്തരീക്ഷ മലിനീകരണം കുറയ്ക്കാനായി നിലവില്‍ സര്‍ക്കാര്‍ ചെയ്യാനുദ്ദേശിക്കുന്നതും ചെയ്ത് കൊണ്ടിരിക്കുന്നതുമായ പദ്ധതികള്‍. അന്തരീക്ഷ മലനിനീകരണത്തിന്‍രെ തോത് ഡല്‍ഹിയില്‍ ഗണ്യമായി കൂടുന്നത് ജനങ്ങളുടെ ആരോഗ്യത്തിനും രോഗങ്ങളുടെ കണക്ക് കൂട്ടാനും കാരണമായിരിക്കുകയാണ്.