സിനിമയുടെ കഥയ്ക്കപ്പുറം അഭിനയ സാധ്യതയ്ക്ക് മുൻതൂക്കം നൽകുന്ന നായികയാണ് രാധിക അപ്‌തെ. അത്തരത്തിൽ നിരവധി കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരം കുറച്ചു നാളുകളായി സിനിമയിൽ സജീവമല്ല. എന്നാൽ ഇപ്പോഴിതാ നടി ഗർഭിണിയാണെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ബിഎഫ്‌ഐ ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിൽ നിറവയറുമായെത്തിയ രാധികയെ കണ്ട് ആരാധകരും ഞെട്ടിയിരിക്കുകയാണ്.
പൊതുവെ തങ്ങളുടെ എല്ലാ വിശേഷങ്ങളും താരങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. എന്നാൽ അതിൽ നിന്നും വ്യത്യസ്തയാണ് രാധിക അപ്‌തെ. വിവാഹം കഴിഞ്ഞിരുന്നുവെങ്കിലും താൻ ഗർഭിണിയാണെന്ന ഒരു സൂചനയും താരം നൽകിയിരുന്നില്ല. 2012 ലായിരുന്നു രാധിക അപ്‌തെയുടെ വിവാഹം. ബ്രിട്ടീഷ് വയലിനിസ്റ്റായ ബെനഡിക്ട് ടെയ്ലറിനെയാണ് താരം വിവാഹം കഴിച്ചത്. 2011 ൽ സിനിമയിൽ നിന്ന് രാധിക അപ്‌തെ ഇടവേളയെടുത്തിരുന്നു. അങ്ങനെ ഡാൻസ് പഠിക്കാൻ ഒരു വർഷത്തേക്ക് ലണ്ടനിൽ പോയപ്പോഴാണ് താരം ബെനഡിക്ട് ടെയ്ലറിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. വിവാഹവും താരം പരസ്യമാക്കിയിരുന്നില്ല.
അതേസമയം, ടെയ്ലറിനെ വിവാഹം ചെയ്തത് വിസയ്ക്ക് വേണ്ടിയായിരുന്നുവെന്ന് നടി തുറന്നു പറഞ്ഞിട്ടുണ്ട്. “ഞാൻ വിവാഹമെന്ന സങ്കൽപ്പത്തിൽ വിശ്വസിക്കുന്ന ആളല്ല. വിസ വലിയൊരു പ്രശ്നമായത് കൊണ്ടാണ് വിവാഹം ചെയ്തത്. ഞങ്ങൾക്ക് ലിവിംഗ് ടുഗെദറായിരുന്നു താൽപര്യമെന്നും രാധിക ആപ്തെ മുൻപൊരിക്കൽ പറഞ്ഞിരുന്നു”.