
അന്ന് യദു , ഇന്ന് നവീൻ ബാബു ; സഖാക്കന്മാരുടെ അധികാര ധാർഷ്ഠ്യത്തിൽ വേദന തിന്നുന്നവരുടെ ലിസ്റ്റ് നീളുന്നു
തിരുവനന്തപുരം : ഭരണപക്ഷത്തിരിക്കുന്നത് സ്വന്തം പാർട്ടിയാണെന്നുള്ളതിന്റെ അഹങ്കാരം ഇന്നത്തെ ഒട്ടുമിക്ക സഖാക്കന്മാരിലുമുണ്ട് . പ്രത്യേകിച്ച് സ്ത്രീജനങ്ങൾക്ക് അത് കുറച്ച് കൂടുതലാണ്. സ്ത്രീകൾക്ക് വേണ്ടി ശബ്ദമുയർത്തുന്ന , അവർക്ക് വേണ്ടി വനിതാ മതിൽ തീർത്ത് , വനിതകൾക്ക് തെരഞ്ഞെടുപ്പിൽ പ്രധാന്യം നൽകുന്നുണ്ടെന്ന് ഇടയ്ക്കിടയ്ക്ക് അവകാശവാദമുന്നയിക്കുന്നതാണ് ഇടത് പക്ഷം എന്നത് കൊണ്ടാവണം , സ്ത്രീകളിലും ഈ അഹങ്കാരം വരാനുള്ള കാരണം. സഖാക്കന്മാരുടെ അധികാരത്തിന്മേൽ ഉണ്ടായ അഹങ്കാരത്തിന്റെ കഥകൾ പറയാൻ തുടങ്ങിയാൽ ഒരുപാട് ഉണ്ട് .
ഇതിൽ പറയാതെ പോവാൻ സാധിക്കാത്ത രണ്ട് സഖാത്തികളെ കുറിച്ച് പറയാം. ഒന്നാമത്തേത് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. രണ്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യ . രണ്ട് പേരും പാർട്ടിയ്ക്ക് വേണ്ടി ആഹോരാർത്ഥം പ്രവർത്തിയ്ക്കുന്ന സഖാത്തികളാണ്. പക്ഷേ ഇവരുടെ പ്രവർത്തനങ്ങൾ പാർട്ടിയ്ക്ക് തന്നെ തലവേദനയായി മാറുന്നു എന്നുള്ളതാണ് ഇപ്പോഴത്തെ അവസ്ഥ. അതികാരം തങ്ങളിൽ നിക്ഷിപ്തമാണെന്നും തങ്ങളാണ് ഇവിടുത്തെ അതികാരമെന്നുമുള്ള അഹങ്കാരവും ധാർഷ്യവും പ്ക്വതയില്ലായ്മയുമെല്ലാം ഇവരിൽ സ്വൽപ്പം കൂടുതലാണ്. അതിന്റെ പേരിൽ ദുരിതം അനുഭവിക്കുന്നതാകട്ടെ സാധാരണക്കാരും സർക്കാർ ജീവനക്കാരും.
മേയറുടെ ധാർഷ്ഠ്യത്തിൽ ജോലി നഷ്ടപ്പെട്ട കെ.എസ്.ആർ.ടിസി ഉദ്യോഗസ്ഥനായ യദുവും കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി ദിവ്യയുടെ ധാർഷ്ഠ്യത്തിൽ ആത്മഹത്യ ചെയ്യേണ്ടി വന്ന കണ്ണൂർ എ.ഡി.എം നവീൻ ബാബുവും അതിന്റെ ഏറ്റവും അടുത്ത് നിൽക്കുന്ന ഉദാഹരണങ്ങളാണ്. മുഖ്യമന്ത്രിയുടെ ധൂർത്തും കെടുകാര്യസ്ഥതയും കണ്ട് സഹിക്കവയ്യാതെയാണ് കഴിഞ്ഞ തവണ നവകേരള സദസ്സ് നടത്തിയപ്പോൾ യൂത്ത് കോൺഗ്രസ് ഉൾപ്പെടെ കരിങ്കൊടി പ്രതിഷേധത്തിനറങ്ങിയത്. ഒരു ജനാധിപത്യ രാജ്യമെന്നിരിക്കെ പ്രതിഷേധിക്കാനുള്ള അവകാശം ഏതൊരു ഇന്ത്യൻ പൗരനുമുണ്ട്. എന്നാൽ കറുപ്പ് കണ്ടാൽ ഹാലിളകുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി കാണിച്ച പ്രവർത്തകരുടെ തല തല്ലിപ്പൊളിച്ച് മുഖ്യന്റെ ഗുഡ് ബുക്കിൽ കയറാൻ സഖാക്കന്മാരും മുഖ്യന്റെ ഗൺമാനും ശ്രമിച്ചു.
അന്ന് തല തല്ലിപൊളിച്ച ആ കരുണയില്ലാ പ്രവർത്തിയ്ക്ക് മുഖ്യൻ ഓമനപ്പേരായി നൽകിയത് മുഖ്യമന്ത്രിയ്ക്ക് വേണ്ടിയുള്ള രക്ഷാ പ്രവർത്തനം എന്നായിരുന്നു. അത് കൊണ്ട് തന്നെ സഖാക്കന്മാർ ചെയ്യുന്നത് എന്ത് നെറികെട്ട പ്രവർത്തനങ്ങളാണെങ്കിലും അതിനെ പാർട്ടിയും മുഖ്യനും പിൻതുണച്ചോളും എന്ന ആത്മദൈര്യം തന്നെയാണ് ഇവരിൽ ഇത്തരമൊരു മനോഭാവം വരാൻ കാരണം. ഏറ്റവും പ്രായം കുറഞ്ഞ മേയറന്നെ അംഗീകാരത്തോടെ മേയർ കസേരയിൽ കയറിയിരുന്ന മേയർ ആര്യാ രാജേന്ദ്രന്റെയും കണ്ണൂരിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടേയും പ്രവർത്തനം ഒട്ടും അംഗീകരക്കാൻ സാധിക്കാത്തതാണ്.
കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവിനെ ജോലി ചെയ്യുന്നതിനിടയിൽ നടുറോട്ടിൽ പിടിച്ച് നിർത്തി അയാൾക്ക് മേൽ കുതിര കയറിയത് മേയർ ആര്യാ രാജേന്ദ്രൻ. എന്നാൽ നടപടിയുണ്ടായതോ ! ഡ്രൈവർക്കെതിരെ. നിലവിൽ പുറത്ത് വന്ന തെളിവുകളൊക്കെ യദുവിന് അനുകൂലമെങ്കിലും താൽക്കാലിക ഡ്രൈവറായ യദുവിനെ സർവ്വീസിൽ നിന്ന് പിരിച്ച് വിട്ടു. ചെയ്യാത്ത കുറ്റത്തിന് തന്നെ ശിക്ഷിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ് ഇന്നും യദു നിയമപോരാട്ടത്തിലാണ്. അപ്പോഴും ഈ പുകിലെല്ലാം ഉണ്ടാക്കിയ മേയർ യാതൊരു തടസ്സവുമില്ലാതെ മേയർ സ്ഥാനത്ത് തുടരുന്നു. യാതൊരു കുറ്റബോധവുമില്ലാതെ ജീവിക്കുന്നു. മറുവശത്ത് യദുവിന്റെ ജോലി നഷ്ടമായതിനാൽ ഒരു കുടുംബം തന്നെ പട്ടിണിയുടെ വക്കിലേയ്ക്ക് പോവുന്നു. അതേ പോലെയാണ് കണ്ണൂരിലും സംഭവച്ചിരിക്കുന്നത്.
നിലവിൽ ജീവനൊടുക്കിയ എ.ഡി.എം നവീൻ ബാബു ഒരു മോശക്കാരനായ സർക്കാർ ഉദ്യോഗസ്ഥനെന്ന് യാതൊരു തെളിവും പുറത്ത് വന്നിട്ടില്ല. അതായത് സത്യസന്ധനായ ഉദ്യോഗസ്ഥനായിരിക്കണം അദ്ദേഹം. അങ്ങനൊരു വ്യക്തിക്കെതിരെയാണ് വിളിക്കാത്ത പരിപാടിയിലേക്ക് വലിഞ്ഞ് കേറിചെന്ന് പരസ്യമായി അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യ ഉയർത്തിയിരിക്കുന്നത്.
ഒരു സർക്കാർ ഉദ്യോഗസ്ഥൻ തെറ്റ് ചെയ്തെങ്കിൽ അയാൾക്കെതിരെ നിയമപരമായി നടപടി കൈകൊള്ളാം എന്നിരിക്കെ അതൊന്നും ചെയ്യാതെ തികച്ചും വ്യക്തിപരമായ കാര്യങ്ങൾ കൂട്ടികുഴച്ച് എഡിഎമ്മിനെ അപമാനിക്കാൻ തീരുമാനിക്കുന്നു. അതും ക്ഷണമില്ലാത്ത എഡിഎമ്മിന് വേണ്ടി സംഘടിപ്പിച്ച പരിപാടിയിലേക്ക് വലിഞ്ഞ് കയറിചെന്ന്. അത് മൂലം ഒരു കുടുംബത്തിന് അവരുടെ എല്ലാമെല്ലാമായ മനുഷ്യനെ നഷ്ടമായി. ദിവ്യയെ പാർട്ടി ഏകദേശം കൈവിട്ട മട്ടാണ്. പക്ഷേ അത് ജനങ്ങളുടെ കണ്ണിൽ പൊടിയിടൽ നടപടിയെന്ന് മാത്രമേ പറയാൻ സാധിക്കുള്ളൂ. വിവാദങ്ങൾ കെട്ടടങ്ങുമ്പോൾ ദിവ്യയെ കൂടെ കൂട്ടുന്ന പാർട്ടിയെ നമുക്ക് മുന്നോട്ട് കാണം. എന്തായാലും അധികാരം തലയ്ക്ക് പിടിച്ച് അതിന്റെ ഇരകളായി മാറേണ്ടി വരുന്ന മനുഷ്യരുടെ ലിസ്റ്റിൽ യദുവും നവീൻ ബാബുവുമെല്ലെം ഉൾപ്പെട്ടു കഴിഞ്ഞു. ഈ ലിസ്റ്റിലേക്ക് , ഇനിയും എത്ര പേർ ? അഹങ്കാരം തലയ്ക്ക് പിടിച്ച അധികാരി വർഗത്തോടാണ് ചോദ്യം