തിരുവനന്തപുരം : കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് പെട്രോൾ പമ്പ് ഉടമക്കെതിരെ നടപടിയാവശ്യപ്പെട്ട് പരാതി. നവീൻ ബാബുവിൻ്റെ മരണത്തിന് കാരണമായ ആരോപണത്തിൽ പ്രധാനിയായ പെട്രോൾ പമ്പ് ഉടമക്കെതിരെയാണ് പരാതി.
കേരള എൻ.ജി.ഒ. അസോസിയേഷൻ, ഡയറക്ടർ ഓഫ് മെഡിക്കൽ എജുക്കേഷനാണ് പരാതി നൽകിയത്. ആരോപണത്തിൽ പറയുന്ന പെട്രോൾ പമ്പ് ഉടമ ടിവി പ്രശാന്ത് യഥാർത്ഥത്തിൽ സർവ്വീസിലുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥനാണ്. സർക്കാർ സ്ഥാപനത്തിലെ ഇലക്ട്രിക് വിഭാഗം ജീവനക്കാരനാണ് പ്രശാന്ത്.
സാധരണഗതിയിൽ ഒരു സർക്കാർ ഉദ്യോഗസ്ഥന് സർക്കാർ അനുമതി കൂടാതെ മറ്റൊരു തരത്തിലുള്ള ജോലിയും (ബിസിനസ്സ് ഉൾപ്പെടെ) ചെയ്യാൻ പാടില്ല എന്നിരിക്കെയാണ് ആ നിയമങ്ങൾ കാറ്റിൽ പറത്തി പ്രശാന്ത് പെട്രോൾ പമ്പ് തുടങ്ങിയത്. അത് മാത്രവുമല്ല ഒരു സർക്കാർ ഉദ്യോഗസ്ഥനായിരിക്കെ സ്വന്തം സ്ഥാപനത്തിൻ്റെ അനുമതി നൽകാനായി 98500 രൂപ കൈക്കൂലി നൽകിയെന്ന് പറഞ്ഞത് നിയമത്തെ വെല്ലുവിളിക്കുകയാണ് ചെയ്തതെന്നുമാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. പ്രശാന്തിനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.