
പത്തനംതിട്ട: മണ്ഡലകാലത്ത് ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് സംവിധാനം പുനഃസ്ഥാപിച്ചു. ശബരിമലയിലേക്ക് പ്രവേശനം ഓൺലൈൻ ബുക്കിങ് വഴി മാത്രമാണെന്ന് തീരുമാനം വന്നതിന് പിന്നാലെ വലിയ പ്രതിക്ഷേധം ഉയർന്നിരുന്നു. തുടർന്നാണ് സ്പോട്ട് ബുക്കിംഗ് പുനഃസ്ഥാപിക്കാൻ സർക്കാർ വഴങ്ങിയത്.
ദിവസേന 10,000 പേർക്ക് സ്പോട്ട് ബുക്കിംഗ് വഴി ശബരിമലയിലേക്ക് പ്രവേശനം അനുവദിക്കാനാണ് തീരുമാനം. മൊത്തം 80,000 പേർക്ക് പ്രവേശനം അനുവദിക്കുന്നതിൽ 70,000 പേർക്കും വെർച്വൽ ക്യൂ ബുക്കിംഗ് വഴിയാകും പ്രവേശനം.
മണ്ഡലകാലത്ത് ശബരിമല ദർശനം നടത്താൻ ഓൺലൈൻ രജിസ്‌ട്രേഷൻ ഇല്ലാതെയെത്തുന്ന ഭക്തർക്ക് സ്പോട്ട് ബുക്കിംഗ് വഴി ദർശനം നടത്താനാകും. പ്രതിക്ഷേധം ശക്തമായതിനെ തുടർന്ന് ഓൺലൈനിൽ ബുക്ക് ചെയ്യാത്ത തീര്‍ത്ഥാടകര്‍ക്കും ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഉറപ്പ് നൽകിയിരുന്നു.
ശബരിമലയിൽ ഓൺലൈൻ ബുക്കിംഗ് മാത്രമാണ് അനുവദിക്കുകയെന്ന് മന്ത്രിസഭ തീരുമാനം എടുത്തതിന് പിന്നാലെ പ്രതിപക്ഷം വിമർശനം ഉന്നയിച്ചിരുന്നു. ശേഷം ഹൈന്ദവ സംഘടനകൾ സർക്കാരിൻ്റെ നടപടിയിൽ പ്രതിക്ഷേധിച്ച് സംയുക്ത യോഗവും ചേർന്നിരുന്നു. പിന്നാലെയാണ് സർക്കാർ വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്.