മലയാളത്തിൽ നിന്ന് അന്യഭാഷ ചിത്രങ്ങളിലേക്ക് നായികമാർ ചേക്കേറുന്നത് ഇന്ന് പതിവ് കാഴ്ചയാണ്. പണവും പ്രശസ്തിയും ആരാധകരും ഒരു പോലെ ലഭിക്കുന്ന ടോളിവുഡിലേക്ക് ഇത്തരത്തിൽ നിരവധി നായികമാർ ചേക്കേറിയിട്ടുണ്ട്. എന്നാൽ ടോളിവുഡിൽ ശ്രദ്ധിക്കപ്പെടുക അത്ര എളുപ്പമല്ല. അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ നായികമാർക്ക് ലഭിക്കുക എന്നതും ഇവിടെ കുറവാണ്. കൂടാതെ ചിലപ്പോൾ അതീവ ഗ്ലാമറസായി തന്നെ നായികയ്ക്ക് അഭിനയിക്കേണ്ടതായും വരും. കൂടാതെ ചില ടോളിവുഡ് സിനിമകളിലെ അശ്ലീലവും സ്ത്രീ വിരുദ്ധതയും ഏറെ ചർച്ചയായതാണ്.
എന്നാൽ ഇക്കാര്യത്തിലൊന്നും ഒരു വിട്ടുവീഴ്ചയുമില്ലാതെ തെലുങ്ക് സിനിമാ രംഗത്തെ താര റാണിയായി മാറിയ നടിയാണ് സായ് പല്ലവി. ഏഴ് തെലുങ്ക് സിനിമകളിൽ മാത്രമാണ് സായ് പല്ലവി ഇതുവരെ അഭിനയിച്ചിട്ടുള്ളത്. എന്നാൽ ഈ സിനിമകളിലൂടെ സായ് പല്ലവിയുണ്ടാക്കിയ തരംഗം ചെറുതൊന്നുമല്ല. കാരണം സായിപല്ലവി തെലുങ്കിൽ അഭിനയിച്ച സിനിമകളിൽ ഭൂരിഭാഗവും ഹിറ്റാണ്.
അതേസമയം, സിനിമകൾ തെരെഞ്ഞെടുക്കുന്നതിലും ചില പ്രത്യേക നിബന്ധനകൾ നടിക്കുണ്ട്. സൂപ്പർസ്റ്റാർ സിനിമകളിൽ വന്ന് പോവുന്ന കഥാപാത്രങ്ങൾ സായ് പല്ലവി ചെയ്യാറില്ല. കൂടാതെ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ തെരഞ്ഞെടുക്കുന്നതിനോടൊപ്പം താരം ഇന്റിമേറ്റ് രംഗങ്ങളോടും നോ പറയാറുണ്ട്. അതിനാൽ തന്നെ ഒരു സിനിമ തെരഞ്ഞെടുക്കുമ്പോൾ സായ് പല്ലവി നോക്കുന്ന മാനദണ്ഡങ്ങളാണിപ്പോൾ ചർച്ചയാകുന്നത്. ഷൂട്ടിംഗിന് മുമ്പ് ബൗണ്ടഡ് സ്ക്രിപ്റ്റ് നടിക്ക് നൽകിയിരിക്കണം. ഇത് നിർബന്ധമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഷൂട്ടിന് മുമ്പ് സിനിമയുടെ വർക്ക് ഷോപ്പിന്റെ ഭാഗമാകാനും സായിപല്ലവി ശ്രദ്ധിക്കാറുണ്ട്. സീനുകൾ എങ്ങനെ ഷൂട്ട് ചെയ്യുന്നു, എങ്ങനെ അഭിനയിക്കുന്നു, കഥാപാത്രങ്ങളുടെ പഠനം, ക്യാരക്ടർ ലുക്ക് തുടങ്ങിയവയെക്കുറിച്ചെല്ലാം മനസിലാക്കാൻ സായിപല്ലവി സമയം കണ്ടെത്താറുണ്ട്. തിരക്കഥയ്ക്കും തന്റെ കഥാപാത്രത്തിനുമാണ് സായ് പല്ലവി എപ്പോഴും പ്രാധാന്യം നൽകുന്നത്. അതിനാൽ തന്നെ പ്രതിഫലം, സെറ്റിലെ സൗകര്യങ്ങൾ തുടങ്ങിയവയിലൊന്നും സായിപല്ലവി കടുംപിടുത്തം പിടിക്കാറില്ല. പ്രൊഡ്യൂസറെ വലയ്ക്കുന്ന അനാവശ്യ ചെലവുകൾ തന്റെ ഭാഗത്ത് നിന്നുണ്ടാകാതിരിക്കാനും നടി ശ്രദ്ധിക്കാറുണ്ട്
അതിനാൽ തന്നെ സായ് പല്ലവിയുടെയും നയൻതാരയുടെയും പ്രൊഫഷണൽ രീതികൾ താരമത്യം ചെയ്യുകയാണിപ്പോൾ ആരാധകർ. കരിയറിൽ വളരെയധികം ആത്മാർത്ഥത കാണിക്കുന്ന നടിയാണ് നയൻതാരയും. അതേസമയം നടിയുടെ പല നിബന്ധനകളും സായ് പല്ലവിയുടേത് പോലെയല്ല. സായ് പല്ലവിയുടെ നിബന്ധനകൾ ഒരുപരിധി വരെ പ്രൊഡ്യൂസർക്ക് ഗുണം ചെയ്യുന്നതാണെങ്കിൽ നയൻതാരയുടെ നിബന്ധനകൾ പ്രൊഡ്യൂസർമാർക്ക് തലവേദന ഉണ്ടാക്കുന്നതാണ്.
അടുത്തിടെയാണ് നയൻതാരയ്ക്കെതിരെ ആരോപണവുമായി നിർമാതാവും ഫിലിം ജേർണലിസ്റ്റുമായ അന്തനൻ രംഗത്ത് വന്നത്. നയൻതാരയുടെ കുട്ടികളെ നോക്കുന്ന ആയമാരുടെ സെറ്റിലെ ചെലവ് പോലും നിർമാതാക്കൾ വഹിക്കേണ്ട സാഹചര്യമാണെന്ന് അന്തനൻ വിമർശിച്ചിരുന്നു. കൂടാതെ പ്രതിഫലത്തിൽ വിട്ടുവീഴ്ചയില്ലാത്ത നയൻതാര സിനിമകളുടെ പ്രൊമോഷനും എത്താറില്ല. അവിടെയാണ് സായിപല്ലവി നയൻതാരയിൽ നിന്നും വ്യത്യസ്തയാകുന്നത്.