മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. പൃഥ്വിരാജിന്റെ പിറന്നാൾ ദിനത്തിൽ എമ്പുരാനിലെ താരത്തിന്റെ ക്യാരക്ടർ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് നടൻ മോഹൻലാൽ. ദൈവത്താൽ ഉപേക്ഷിക്കപ്പെട്ടു.. ചെകുത്താൻ വളർത്തിയവൻ എന്നാണ് ക്യാരക്ടർ പോസ്റ്ററിനൊപ്പം മോഹൻലാൽ കുറിച്ചിരിക്കുന്നത്.
ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന അബ്റാം ഖുറേഷിയുടെ വലംകൈയായ സയീദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് 2019 ൽ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാലിനെ കൂടാതെ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. സിനിമയുടെ ചിത്രീകരണം നിലവിൽ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ അല്ലിരാജയും ആന്റണി പെരുമ്പാവൂരും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.