ഗാന്ധിനഗർ: വിഷ വാതകം ചോർന്ന് ഗുജറാത്തിൽ 5 തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു. ഗുജറാത്തിൽ കച്ചിലെ കാൻഡ്ലയിലുള്ള ഇമാമി അഗ്രോ ടെക് എന്ന കമ്പനിയിലാണ് വാതക ചോർച്ചയിൽ തൊഴിലാളികൾക്ക് ജീവൻ നഷ്ടമായത്. കമ്പനിയിലെസൂപ്പർവൈസറും ടാങ്ക് ഓപ്പറേറ്ററും വാതകം ശ്വസിച്ച് മരിച്ചു. ഇന്ന് പുലർച്ചെയോടെയായിരുന്നു ദാരുണ സംഭവം. കമ്പനി മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇമാമി അഗ്രോ ടെക് ഫാക്ടറിയിലെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ചോർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. വിഷവാതകം ശ്വസിച്ച് ബോധംകെട്ട് വീണ തൊഴിലാളികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിടെയാണ് കൂട്ടമരണം ഉണ്ടായത്.
ഫാക്ടറിയിൽ ഉൽപാദനത്തിനുപയോഗിക്കുന്ന ഭക്ഷ്യ എണ്ണയിൽ നിന്നും മാലിന്യം നീക്കാൻ ശ്രമിക്കുന്നതിനിടെ ടാങ്കിൽ നിന്നും വിഷവാതകം ചോരുകയായിരുന്നു. പരിശോധിച്ച തൊഴിലാളി ഇതോടെ ബോധരഹിതനായി ടാങ്കിലേക്ക് തന്നെ വീണു. ഇയാളെ രക്ഷപെടുത്താൻ ശ്രമിക്കവേ മറ്റ് രണ്ട് തൊഴിലാളികൾ കൂടി ബോധംകേട്ട് വീഴുകയായിരുന്നുവെന്ന് കച്ച് (ഈസ്റ്റ്) പോലീസ് സൂപ്രണ്ട് സാഗർ ബഗ്മർ മാധ്യമങ്ങളോട് പറഞ്ഞു.
ബോധമറ്റ തൊഴിലാളികളെ അടുത്തുള്ള സർക്കാർ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും അഞ്ചുപേരും മരിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി രാംബാഗ് സർക്കാർ ആശുപത്രിൽ സൂക്ഷിക്കുകയാണ്. വിഷവാതകം ശ്വസിച്ച് ശാരീരിക അവശതകൾ നേരിട്ട ചില തൊഴിലാളികൾ ചികിത്സയിലാണ്.
2022 ജൂലൈ 1 ന് ഇതേ കമ്പനിയുടെ ആന്ധ്രയിലെ നെല്ലൂരിലെ പ്ലാന്റിലും സമാന വിഷ വാതക ചോർച്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 8 തൊഴിലാളികൾ വിഷവാതകം ശ്വസിക്കുകയും ഇതിൽ 4 പേർ ഗുരുതരാവസ്ഥയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു.