എഡിഎം നവീൻ്റെ മരണം; പെട്രോൾ പമ്പിൽ ദിവ്യയുടെ ഭർത്താവിന് പങ്കാളിത്തമെന്ന് കോൺഗ്രസ്

സിപിഎമ്മിലെ മറ്റ് ചില നേതാക്കൾക്കും പെട്രോൾ പമ്പിൽ ഷെയർ ഉണ്ടെന്നും ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജ് വെളിപ്പെടുത്തി.

Naveen Babu and P Divya

കണ്ണൂർ: അസിസ്റ്റൻറ്റ് ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ആയിരുന്ന നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ പിപി ദിവ്യക്കെതിരെ ഗുരുതര ആരോപണമുയർത്തി കോൺഗ്രസ്. വിവാദ പമ്പിൽ പി ദിവ്യയുടെ ഭർത്താവിന് പങ്കാളിത്തമുണ്ടെന്നാണ് കോൺഗ്രസ് ആരോപണം ഉന്നയിച്ചത്. പരാതിയുമായി രംഗത്തെത്തിയ പ്രശാന്ത് ദിവ്യയുടെ ഭർത്താവിൻ്റെ ബിനാമിയാണെന്നും കണ്ണൂർ ഡിസിസി പ്രസിഡന്റ് ആരോപിച്ചു. സിപിഎമ്മിലെ മറ്റ് ചില നേതാക്കൾക്കും പെട്രോൾ പമ്പിൽ ഷെയർ ഉണ്ടെന്നും ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജ് വെളിപ്പെടുത്തി.

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്റ് പി ദിവ്യ പെട്രോൾ പമ്പിന് അനുമതി നൽകാൻ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് യാത്രയയപ്പ് വേദിയിൽ വെച്ച് ആരോപണം ഉന്നയിച്ചതാണ് എഡിഎം നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ കുറിപ്പ് ഉൾപ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് മാറ്റിയെന്നും ആരോപണം ഉയർന്നിരുന്നു.

നവീൻ്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്നും കണ്ണൂർ ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. സിപിഎം ഡിവൈഎഫ്‌ഐ നേതാക്കൾക്കും പി ദിവ്യയ്ക്കും ഭർത്താവിനും പെട്രോൾ പമ്പിൽ പങ്കുണ്ടെന്നാണ് ആരോപണം. സിപിഎം നേതാക്കൾ ചേർന്നുള്ള പങ്ക് കച്ചവടം ആണിതെന്നും അദ്ദേഹം ആരോപിച്ചു.

ജില്ലാ പഞ്ചായത്ത് അധ്യക്ഷയുടെ താൽപര്യം പരിശോധിച്ചാൽ പിപി ദിവ്യയും ഭർത്താവും പരാതിക്കാരനായ പ്രശാന്തും ഒരുമിച്ച് പ്രവർത്തിക്കുന്നവർ ആണെന്ന് മനസിലാകുമെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. സർക്കാർ ജീവനക്കാരനായ പ്രശാന്തിന് എങ്ങനെയാണ് പെട്രോൾ പമ്പ് അനുവദിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

നവീൻ ബാബുവിൻ്റെ അസ്വാഭിക മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ പരാതി നൽകിയിട്ടുണ്ട്. പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റിയും സംഭവത്തിൽ പ്രതിക്ഷേധിച്ചു. ആത്മഹത്യ ചെയ്ത നവീൻ ബാബുവിൻ്റെ കുടുംബം സിപിഎം കുടുംബമാണ്. സംഭവം സിപിഎം കുടുംബങ്ങളെയും അനുഭാവികളായ സർക്കാർ ഉദ്യോഗസ്ഥരെയും പാർട്ടിയിൽ നിന്നും അകറ്റുമെന്നാണ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ ശക്തമായ നടപടി വേണമെന്നാണ് പത്തനംതിട്ട സിപിഎം ഘടകം ആവശ്യപ്പെടുന്നത്.

അഴിമതി നടന്നെങ്കിൽ തന്നെ നിയമപരമായ നടപടി സ്വീകരിക്കുന്നതിന് പകരം അധികാരം ഉപയോഗിച്ച് പ്രതികാരം ചെയ്ത ദിവ്യയുടെ നടപടി വലിയ വിമർശനങ്ങൾക്കാണ് വഴിയൊരുക്കിയത്. കോൺഗ്രസും ബിജെപിയും ദിവ്യയുടെ വീട്ടിലേക്ക് പ്രതിക്ഷേധ പ്രകടനം നടത്തിയതിന് പിന്നാലെ പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കി. സ്ഥലത്ത് എതിർ പാർട്ടികളുടെ പ്രകടനത്തെ പ്രതിരോധിക്കാൻ സിപിഎം പ്രവർത്തകർ കൂടി രംഗത്തിറങ്ങിയതോടെ സംഘർഷ സാധ്യത ഉടലെടുത്തിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments