
സംഗീത നിശയ്ക്കിടെ നെറ്റിയിലേക്ക് ലേസർ വെളിച്ചം പതിച്ചതിനെത്തുടർന്ന് വേദി വിട്ട് അമേരിക്കൻ ഗായകൻ നിക്ക് ജോനാസ്. സഹോദരങ്ങളായ കെവിനും ജോയിയും ചേർന്ന് നടത്തുന്ന ആഗോള യാത്രയുടെ ഭാഗമായി നടന്ന പരിപാടിക്കിടെയാണ് സംഭവം അരങ്ങേറിയത്. ചെക്ക് റിപബ്ലിക് തലസ്ഥാനമായ പ്രാഗിലായിരുന്നു പരിപാടി നടന്നത്. വേദിയിൽ നിന്ന് പെട്ടെന്നുള്ള നിക്ക് ജോനാസിന്റെ പിന്മാറ്റം സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുകയാണ്.

‘ജോനാസ് ഡെയിലി ന്യൂസ്’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നാണ് വീഡിയോ പ്രചരിക്കുന്നത്. നെറ്റിയിലേക്ക് ലേസർ രശ്മി പതിച്ചതിനെത്തുടർന്ന് നിക്ക് ജോനാസ് വേദിയിലെ കാണികളുമായി ചർച്ച ചെയ്യുകയും ഉടനെ വേദി വിടുകയും ചെയ്യുന്ന ദൃശ്യങ്ങൾ ഇതിൽ കാണാം. സമീപത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനോട് അദ്ദേഹം ആംഗ്യഭാഷയിൽ ആശയവിനിമയം നടത്തുന്നതും സുരക്ഷാ ഉദ്യോഗസ്ഥൻ നിക്കിനെ അനുഗമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. അതേസമയം, നിക്കിന്റെ സഹോദരന്മാരായ കെവിനും ജോയും വേദിയിൽ തുടരുകയായിരുന്നു.
ഇതോടെ കുറച്ചുസമയത്തേക്ക് പരിപാടി തടസപ്പെടുകയും, ലേസർ വെളിച്ചം മുഖത്ത് അടിച്ച കാണിയെ പുറത്താക്കുകയും ചെയ്തു. ഇതിന് ശേഷമാണ് പരിപാടി പുനരാരംഭിച്ചതെന്ന് ആരാധകർ അറിയിച്ചു. സുരക്ഷാ വീഴ്ചയ്ക്ക് എതിരെ ആരാധകർ വിമർശനം ഉന്നയിക്കുമ്പോൾ, നിക്കിന്റെ സമയോചിതമായ പ്രതികരണത്തെ അഭിനന്ദിച്ച് നിരവധി പേരും പ്രതികരിച്ചിരിക്കുന്നു. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയാണ് നിക്ക് ജോനാസിന്റെ ഭാര്യ.
