
കരുവന്നൂർ അഴിമതി പുറത്തുവന്നപ്പോൾ ‘മേഡം’ എവിടെയായിരുന്നു; പിപി ദിവ്യയെ എടുത്തിട്ടലക്കി സോഷ്യൽ മീഡിയ
പത്തനംതിട്ട : എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ എടുത്തിട്ടലക്കി സോഷ്യൽ മീഡിയ . ഉദ്യോഗസ്ഥന്റെ മരണത്തിന് കാരണക്കാരിയാണ് എന്ന് പറഞ്ഞാണ് വിമർശനം. പി.പി ദിവ്യയുടെ ഫേസ്ബുക്ക് അക്കൗണ്ടിലെ കമന്റ് ബോക്‌സിലാണ് വലിയ തോതിൽ ജനരോഷം നിറയുന്നത്.
സ്വന്തം പാർട്ടിയിലെ അംഗങ്ങൾ ഉൾപ്പെട്ട കരുവന്നൂർ അടക്കമുള്ള അഴിമതികൾ പുറത്ത് വന്നപ്പോൾ മേഡം എവിടെയായിരുന്നു..!? ഇന്നലെ കണ്ട ആവേശം അന്ന് കണ്ടില്ലല്ലോ…! ഷോ കാണിക്കാൻ ഇറങ്ങിപുറപ്പെടുമ്പോ ആലോചിക്കണമായിരുന്നു സ്വന്തം പാർട്ടി തന്നെ അഴിമതിയിൽ മുങ്ങിക്കുളിച്ചാണ് നിൽക്കുന്നതെന്ന് തുടങ്ങി അതി രൂക്ഷമായ ഭാഷയിൽ തന്നെയാണ് പലരും പ്രതികരിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നാൽ ഇന്ത്യാ മഹാരാജ്യത്തിന്റെ പ്രസിഡന്റ് അല്ല.. എന്തേലും പരാതി ഉണ്ടേൽ ശരിയായ മാർഗത്തിൽക്കൂടി തീർക്കണം. ഇവർക്ക് എതിരെ കേസ് എടുക്കണമെന്ന് ഉൾപ്പെടെയുളള കമന്റുകളും നിറയുന്നുണ്ട്.
ഒക്ടോബർ 13 ന് സിപിഎം അരിയിൽ ലോക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തതിന്റെ ചിത്രങ്ങളാണ് പിപി ദിവ്യ ഏറ്റവും അവസാനം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. സമ്മേളനത്തിന്റെ ഭാഗമായി പറപ്പൂൽ ബ്രാഞ്ച് നിർമിച്ച പാച്ചേനി കുഞ്ഞിരാമൻ സ്മാരക വെയ്റ്റിംഗ് ഷെൽട്ടറിന്റെ ഉദ്ഘാടനം നിർവഹിക്കുന്ന ചിത്രവും ഇതോടൊപ്പം പങ്കുവച്ചിരുന്നു. ഈ പോസ്റ്റിൽ മാത്രം 3500 കമന്റുകളാണുളളത്. കൂടുതലും പിപി ദിവ്യയെ നിശിതമായി വിമർശിക്കുന്ന അഭിപ്രായങ്ങളാണ്.
അതേ സമയം നവീൻ ബാബുവിനെ പിന്തുണച്ച് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി ഉൾപ്പെടെ പരസ്യമായി രംഗത്ത് വന്നിരുന്നു. നവീൻ അഴിമതിക്കാരനായ ഉദ്യോഗസ്ഥനല്ലെന്ന് റവന്യൂ മന്ത്രി കെ രാജനും വ്യക്തമാക്കിയിരുന്നു. നവീനെ അഴിമതിക്കാരനായി ചിത്രീകരിച്ച പെട്രോൾ പമ്പ് എൻഒസിയുമായി ബന്ധപ്പെട്ട് പിപി ദിവ്യയുടെ അമിത താൽപര്യവും ചർച്ചയാകുന്നുണ്ട്.