തിരുവനന്തപുരം : മദ്യപിച്ച് വാഹനമോടിച്ച അപകടമുണ്ടായ സംഭവത്തിൽ പൊതുജനങ്ങളോട് മാപ്പ് ചോദിച്ച് നടൻ ബൈജു സന്തോഷ് രംഗത്ത് . തന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് മോശമായ പ്രവർത്തനമാണെന്നും താനൊരിക്കലും അത്തരത്തിൽ പെരുമാറാൻ പാടില്ലായിരുന്നു എന്നും നടൻ പറഞ്ഞു. തന്റെ വാഹനത്തിന്റെ ടയർ പൊട്ടിയാണ് അപകടമുണ്ടായത്. വെള്ളമടിച്ച് പൂസയതെന്നതെല്ലാം റീച്ച് കൂട്ടാനുള്ള മാധ്യമ സൃഷ്ടിയെന്നാണ് നടൻ പറഞ്ഞത്. നിയമം ലംഘിച്ചതിനും പൊതുമധ്യത്തിൽ മോശമായി പെരുമാറിയതിനും മാധ്യമപ്രവർത്തകരോട് തട്ടിക്കയറിയതിനും താൻ മാപ്പ് ചോദിക്കുന്നു എന്നറിയിച്ചിരിക്കുകയാണ് നടൻ. സമൂഹമാധ്യമത്തിൽ ഒരു പോസ്റ്റ് പങ്ക് വച്ചാണ് നടൻ ക്ഷമാപണം നടത്തിയത്.
അതേ സമയം കഴിഞ്ഞ ഒക്ടോബർ പതിനാലിനാണ് ഈ സംഭവം ഉണ്ടാകുന്നത്. മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ നടൻ ബൈജു സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു . മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കാർ കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം വെള്ളയമ്പലത്തുവച്ചാണ് ബൈജു ഓടിച്ച കാർ, സ്കൂട്ടറിലും വൈദ്യുത പോസ്റ്റിലുമിടിച്ചത്.
നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ചതിന് ശേഷം വീണ്ടും വേഗത്തിൽ മുന്നോട്ടു പോയി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈജുവിന്റെ കാറിന്റെ ടയറിന് കേടുപാട് പറ്റി. കൺട്രോൾ റൂമിലെ പൊലീസുകാരാണ് ബൈജുവിനെ മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിച്ചത്. മദ്യപിച്ചോ എന്ന് പരിശോധിക്കാനായി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും പരിശോധനയോട് ബൈജു സഹകരിച്ചില്ലെന്ന് പൊലീസ് പറഞ്ഞിരുന്നു. സ്കൂട്ടർ യാത്രികൻ പരാതി നൽകിയിട്ടില്ല. മദ്യപിച്ച് വാഹനമോടിക്കൽ, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.