Job Vacancy

ബാങ്ക് ജോലി സ്വപ്നം കാണുന്നവർക്ക് സുവർണ്ണാവസരം; ഐബിപിഎസ് പിഒ വിജ്ഞാപനം വന്നു, ഇപ്പോൾ അപേക്ഷിക്കാം

ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലെ പ്രൊബേഷണറി ഓഫീസർ (പിഒ) / മാനേജ്മെന്റ് ട്രെയിനി (എംടി) തസ്തികകളിലേക്കുള്ള പുതിയ വിജ്ഞാപനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (ഐബിപിഎസ്) പുറത്തിറക്കി.

2026–2027 വർഷത്തെ ഒഴിവുകൾ നികത്തുന്നതിനുള്ള CRP-PO/MT-XV പരീക്ഷയുടെ വിജ്ഞാപനമാണിത്. ബാങ്ക് ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 1 മുതൽ ജൂലൈ 21 വരെ ഓൺലൈനായി അപേക്ഷിക്കാം.

പ്രധാന തീയതികൾ

  • അപേക്ഷ ആരംഭിക്കുന്നത്: ജൂലൈ 1, 2025
  • അപേക്ഷിക്കേണ്ട അവസാന തീയതി: ജൂലൈ 21, 2025
  • പ്രിലിമിനറി പരീക്ഷ (താത്ക്കാലികം): ഓഗസ്റ്റ് 2025
  • മെയിൻ പരീക്ഷ: ഒക്ടോബർ 2025
  • അഭിമുഖം: ഡിസംബർ 2025 – ജനുവരി 2026
  • താത്ക്കാലിക നിയമനം: ജനുവരി/ഫെബ്രുവരി 2026

യോഗ്യതാ മാനദണ്ഡങ്ങൾ

  • വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം.
  • പ്രായം: 2025 ജൂലൈ 1-ന് 20-നും 30-നും ഇടയിൽ. എസ്.സി/എസ്.ടി, ഒ.ബി.സി, ഭിന്നശേഷിക്കാർ, വിമുക്തഭടൻമാർ എന്നിവർക്ക് സർക്കാർ ചട്ടങ്ങൾ അനുസരിച്ച് വയസ്സിളവുണ്ട്.
  • അപേക്ഷാ ഫീസ്: ജനറൽ, ഒബിസി വിഭാഗക്കാർക്ക് ₹850. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗക്കാർക്ക് ₹175.

പരീക്ഷാ ഘടന

മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് പ്രക്രിയ.

  1. പ്രിലിമിനറി പരീക്ഷ: ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിംഗ് എബിലിറ്റി എന്നീ വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങളുണ്ടാകും.
  2. മെയിൻ പരീക്ഷ: റീസണിംഗ്, ജനറൽ അവയർനസ്, ഇംഗ്ലീഷ്, ഡാറ്റാ അനാലിസിസ് എന്നിവയ്ക്ക് പുറമെ ഉപന്യാസം, സംഗ്രഹം എന്നിവ ഉൾപ്പെടുന്ന ഒരു വിവരണാത്മക പരീക്ഷയും ഉണ്ടാകും.
  3. അഭിമുഖം: 100 മാർക്കിന്റെ അഭിമുഖം.

മെയിൻ പരീക്ഷയിലെയും അഭിമുഖത്തിലെയും മാർക്കുകൾ പരിഗണിച്ചായിരിക്കും അന്തിമ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. ഉദ്യോഗാർത്ഥികൾ ഓരോ ഘട്ടത്തിലും ഐബിപിഎസ് നിശ്ചയിക്കുന്ന കട്ട്-ഓഫ് മാർക്ക് നേടേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി www.ibps.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.