Malayalam Media LIve

വയനാട് പ്രിയങ്ക ഗാന്ധി, പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ, ചേലക്കര രമ്യ ഹരിദാസ്; UDF സ്ഥാനാർത്ഥികളായി

നവംബർ 13 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. വയനാട്ടിൽ നേരത്തെ പ്രഖ്യാപിച്ചത് പോലെ പ്രിയങ്ക ഗാന്ധിയും പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ മുൻ എംപി രമ്യ ഹരിദാസുമാണ് സ്ഥാനാർ‍ത്ഥികൾ.

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് നൽകിയ പട്ടികയില്‍ ഓരോ മണ്ഡലത്തിലും ഓരോ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ മാത്രമാണ് നല്‍കിയത്. വയനാട്ടിൽ നേരത്തെ തന്നെ പ്രിയങ്ക ഗാന്ധിയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്നു.

നവംബർ 13 നാണ് മൂന്ന് സീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പ് നടക്കുക. നവംബർ 23 ന് ഫലം പ്രഖ്യാപിക്കും. മത്സരിക്കുന്നവർക്ക് ഈ വെള്ളിയാഴ്ച മുതൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാമെന്നാണ് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചത്. പത്രിക സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 25 ആണ്. സൂക്ഷ്മ പരിശോധന 28ന് നടക്കും. പിൻവലിക്കാനുള്ള തീയതി ഒക്ടോബർ 30 ആണ്. ഇതിനു ശേഷം ആകെ 12 ദിവസമാണ് പ്രചാരണത്തിനായി ലഭിക്കുക. ഝാർഖണ്ടിലെ ആദ്യ ഘട്ട വോട്ടെടുപ്പിനൊപ്പമാണ് കേരളം അടക്കുമുള്ള സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

അതിനിടെ കല്‍പ്പാത്തി രഥോത്സവ ദിനത്തില്‍ നിശ്ചയിച്ചിരിക്കുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് കോൺഗ്രസും ബിജെപിയും ആവശ്യപ്പെട്ടു. വോട്ടെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. വോട്ടെടുപ്പ് ദിനമായ നവംബര്‍ 13 നാണ് കല്‍പ്പാത്തി രഥോത്സവവും നടക്കുന്നത്. ഈ സാഹചര്യത്തില്‍ നവംബര്‍ 13-ന് മുന്‍പുള്ള ഏതെങ്കിലും തീയതിയിലേക്ക് വോട്ടെടുപ്പ് മാറ്റണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എന്നാൽ വോട്ടെടുപ്പ് നവംബർ 20 ലേക്ക് മാറ്റണമെന്നാണ് ബിജെപിയുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *