ഡല്‍ഹി: രണ്ട് ദിവസത്തിനുള്ളില്‍ ബോംബ് ഭീഷണി നേരിട്ടത് പത്തിലധികം വിമാനങ്ങള്‍. ദേശീയ, അന്തര്‍ദേശീയ വിമാനങ്ങള്‍ക്കാണ് ഭീഷണി നേരിട്ടത്. പല വിമാനങ്ങളും ഭീഷണിയെ തുടര്‍ന്ന് പരിശോധന ശക്തമാക്കിയെങ്കിലും അവ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം മുംബൈയിലാണ് ആദ്യം വിമാനത്തിന് ബോംബ് ഭീഷണി നേരിട്ടത്. തുടര്‍ന്ന് ചൊവ്വാഴ്ച്ച എയര്‍ ഇന്ത്യ അയോധ്യ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ഭീഷണി വന്നിരുന്നു. എന്നാല്‍ ഇതും വ്യാജമായിരുന്നു. ട്വിറ്റര്‍,എക്‌സ് എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ നിന്നാണ് ഭീഷണി വന്നത്.
ഡല്‍ഹിയില്‍ നിന്ന് ചിക്കാഗോയിലേക്കുള്ള എയര്‍ ഇന്ത്യയുടെ എഐ 127 വിമാനം ഭീഷണിയെത്തുടര്‍ന്ന് കാനഡയിലെ ഇക്വലൂറ്റ് വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടിരുന്നു. ഡല്‍ഹിയില്‍ നിന്ന് പുലര്‍ച്ചെ 3 മണിക്ക് പുറപ്പെട്ട വിമാനമാണ് സുരക്ഷാ ഭീഷണിയായതിനെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ഇക്കാലൂറ്റ് വിമാനത്താവളത്തില്‍ ഇറക്കിയത്. ബോംബ് ഭീഷണിയെത്തുടര്‍ന്ന് സൗദി അറേബ്യയിലെ ദമ്മനില്‍ നിന്ന് ലഖ്നൗവിലേക്കുള്ള ഇന്‍ഡിഗോ വിമാനം 6E 98 ഇന്നലെ ജയ്പൂരില്‍ അടിയന്തരമായി ഇറക്കിയിരുന്നു.
ബാഗ്ഡോഗ്രയില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള ആകാശ എയര്‍ വിമാനം (ക്യുപി 1373), ബാഗ്ഡോഗ്രയില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള ആകാശ എയര്‍ വിമാനം (ക്യുപി 1373), അലയന്‍സ് എയര്‍ അമൃത്സര്‍-ഡെറാഡൂണ്‍-ഡല്‍ഹി വിമാനം, മധുരയില്‍ നിന്ന് സിംഗപ്പൂരിലേയ്ക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം (ഐഎക്സ് 684) തുടങ്ങിയവയെല്ലാം ബോംബ് ഭീഷണിയെ തുടര്‍ന്ന് വഴി തിരിച്ചുവിടുകയും പുറപ്പെടലിന് കാലതാമസം വരികയും ചെയ്തിരുന്നു.
തിങ്കളാഴ്ച, മുംബൈയില്‍ നിന്ന് ഇന്‍ഡിഗോ നടത്തുന്ന രണ്ട് അന്താരാഷ്ട്ര വിമാനങ്ങള്‍ക്കും കഴിഞ്ഞ ദിവസം ഭീഷണി വന്നിരുന്നു. ഇത് വ്യാജമാണോ അല്ലയോ എന്നത് അന്വേഷിക്കുന്നതിന് ധാരാളം സമയം വേണ്ടിവരുമെന്നും സാമ്പത്തിക പരമായി വളരെയെറെ ബുദ്ധിമുട്ടാണ് ഇത്തരം ഭീഷണികളിലൂടെ നേരിടുന്നതെന്നും യാത്രക്കാര്‍ക്കും ഇത് അസൗകര്യമുണ്ടാക്കുന്നുവെന്നും വിവിധ എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.