തിരുവനന്തപുരം : കഴിഞ്ഞ ദിവസം റിപ്പോർട്ടർ ടി.വി മാനേജിങ് ഡയറക്ടറും മാനേജിങ് എഡിറ്ററുമായ ആന്റോ അഗസ്റ്റിന് കാരുണ്യ ‘മാൻ ഓഫ് ദി ഇയർ 2024’ പുരസ്‌കാരം ലഭിച്ചതായുള്ള ഒരു റിപ്പോർട്ട് പുറത്ത് വന്നിരുന്നു .വയനാട്ടിലെ ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത മേഖലകളിൽ നടത്തിയ സേവനങ്ങളെ മുൻനിർത്തിയാണ് ചാരിറ്റബിൾ സൊസൈറ്റി പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഒക്ടോബർ 26ന് പഴുവിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കുമെന്നാണ് വിവരം.
സംഭവം വാർത്തയായതിനെതിരെ അതിരൂക്ഷമായ വിമർശനമാണ് ഉയരുന്നത്. കോൺഗ്രസ് പ്രവർത്തകനായ വിടി ബൽറാം ഉൾപ്പെടെ ഈ വിഷയത്തിൽ പ്രതികരിച്ച് സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്ക് വെച്ചിട്ടുണ്ട്. എന്ത് കാരുണ്യവാനാണെങ്കിലും “ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത മേഖലകളിൽ നടത്തിയ സേവനങ്ങൾ മുൻനിർത്തി” പുരസ്‌കാരം കൈപ്പറ്റുന്നത് അൽപ്പം കടന്നകൈ ആണ്, മനുഷ്യ വിരുദ്ധമാണ് അദ്ദേഹം പങ്ക് വച്ച കുറിപ്പിൽ പറയുന്നത്.
അതേ സമയം മറ്റ് പല സോഷ്യൽ മീഡിയ പേജുകളിലും പ്രൊഫൈലുകളിലും ഈ വിഷയത്തിൽ റിപ്പോർട്ടർ ചാനൽ മാനേജിങ് എഡിറ്ററായ ആന്റോ അഗസ്റ്റിനെതിരെ വിമർശന രൂപത്തിലുള്ള കുറിപ്പുകളും കമന്റുകളും ഉയരുന്നു. റിപ്പോർട്ടർ ടി.വി എം.ഡി ഉൾപ്പെട്ട മരംമുറി കേസിനെ മുൻനിർത്തി ട്രോളിയും വിമർശിച്ചുമാണ് സോഷ്യൽ മീഡിയയിലെ ഭൂരിഭാഗം പ്രതികരണങ്ങളും.
കാരുണ്യവാൻ എന്നാണ് ഞാൻ എന്നെ തന്നെ വിളിക്കുന്നതെന്നും വീരപ്പന് ശേഷം ഈ അന്താരാഷ്ട്ര പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യാക്കാരനാണ് ആന്റോയെന്നും വിമർശനമുണ്ട്. പുരസ്‌കാരം നൽകുന്നത് ഫർണിച്ചർ സംരക്ഷണ സമിതിയാണെന്നും മുഴുവൻ വെട്ടി എടുക്കാതെ കുറച്ചു ബാക്കിവെച്ച് ലോകത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയോട് കാരുണ്യം കാട്ടിയതിന് ആന്റോ അഗസ്റ്റിന് മിനിമം വേൾഡ് പീസ് പ്രൈസ് എങ്കിലും കിട്ടണമെന്നും ആളുകൾ പ്രതികരിക്കുന്നു.
അവാർഡ് നേട്ടം ഫേസ്ബുക്കിലൂടെ അറിയിച്ച റിപ്പോർട്ട് ടി.വി നിലവിൽ കാർഡ് പോസ്റ്റിന്റെ കമന്റ് ബോക്‌സ് പൂട്ടിയിരിക്കുകയാണ്. അതേസമയം വാർത്ത പങ്കുവെച്ചക്കൊണ്ടുള്ള പോസ്റ്റിന് താഴെ ഇപ്പോഴും ആളുകൾ പ്രതികരിക്കുന്നുണ്ട്. ഇനി എന്തിന് ആളുകൾ ഇങ്ങനെയൊക്കെ പ്രതികരിക്കുന്നു എന്ന് ചോദിച്ചാൽ ഒറ്റക്കാര്യമേയുള്ളൂ .
കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വയനാട്ടിലുണ്ടായത് . കേരളത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നടത്തിയ രക്ഷാപ്രവർത്തനം കൊണ്ടാണ് ആ ദുരന്തത്തെ നമ്മൾ അതിജീവിച്ചത്. എന്നാൽ അത്തരമൊരു വിഷയത്തിൽ മറ്റെല്ലാ മാധ്യമപ്രവർത്തകരും മനുഷ്യത്തപരമായ പ്രവർത്തനം നടത്തി നിൽക്കുമ്പോൾ ആ ദുരന്തത്തിന്റെ പേരിൽ ഒരു അവർഡ് വാങ്ങി, അതും മരംമുറിക്കേസ് പോലൊരു സുപ്രധാന കേസിലെ പ്രതിയായ വ്യക്തി.
മുട്ടിൽ മരംമുറി കേസിൽ പ്രതികളായിരുന്നു ആന്റോ അഗസ്റ്റിനും സഹോദരനായ റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരും. മുട്ടിലിൽ നിന്ന് സർക്കാരിന്റെ അനുമതിയില്ലാതെ നൂറ്റാണ്ടുകൾ പഴക്കമുള്ള മരങ്ങൾ മുറിച്ചുകടത്തിയെന്നായിരുന്നു കേസ്. 2020 നവംബർ, ഡിസംബർ, 2021 ജനുവരി മാസങ്ങളിൽ എട്ടുകോടി രൂപ വിലവരുന്ന 104 ഈട്ടിമരങ്ങൾ മുറിച്ചുകടത്തിയെന്നായിരുന്നു പ്രതികൾക്കെതിരായ കുറ്റപത്രം.
ഈ കേസിന് പിന്നാലെയാണ് പുതിയ രൂപത്തിലും ഭാവത്തിലും ചാനൽ വീണ്ടും പൊടിതട്ടിയെടുത്ത് ആന്റോ അഗസ്റ്റിൻ രംഗത്ത് എത്തിയത്. പിന്നീടങ്ങളോട് വിവിധ മുഖ്യധാരാ ചാനലുമായുള്ള മത്സരമാണ് കണ്ടത്. ട്വന്റിഫോറിനേയും ഏഷ്യാനെറ്റിനേയും മറികടന്ന് ഒന്നാം നമ്പറിലേക്കെത്താനുള്ള കുതിപ്പിലാണ് റിപ്പോർട്ടർ എന്നതിൽ സംശയമില്ല. പക്ഷേ അതിന് വേണ്ടി പലപ്പോഴും എരിവും പുളിയും ചേർത്തുള്ള പരിശ്രമമാണ് നടക്കുന്നത് എന്നുള്ള അഭിപ്രായമാണ് ഏറെയും.