
കണ്ണൂർ ജില്ലാ എ ഡി എം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നവീൻ ബാബുവിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് സംഭവം. കണ്ണൂരിൽ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് അദ്ദേഹത്തിന് സ്ഥലം മാറ്റം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ യാത്ര അയപ്പ് യോഗവും നടത്തി. ഇവിടെ ക്ഷണിക്കാതെ വന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നവീൻ ബാബുവിനെതിരെ ആരോപണം ഉന്നയിക്കുകയായിരുന്നു. പെട്രോൾ പമ്പിന് എൻ ഒ സി നൽകിയത് വൈകിയതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ഇതിൽ മനം നൊന്താണ് എ ഡി എം ജീവനൊടുക്കിയതെന്നാണ് ലഭിക്കുന്ന വിവരം.
ദിവ്യ ശുപാർശ ചെയ്തിട്ട് നടക്കാത്ത കാര്യം മറ്റൊരാൾ ചെയ്തതിലൂടെ നടന്നതിന്റെ പശ്ചാത്തലത്തി ജില്ലാ പ്രസിഡന്റ് വിദ്വേഷം കാണിച്ചുവെന്നാണ് വിമർശനം ഉയരുന്നത്.
യോഗത്തിൽ ക്ഷണിക്കാതെ വന്ന ദിവ്യ , സ്ഥലം മാറ്റം വന്നതിന് പിന്നാലെ പെട്രോൾ പമ്പിന് എങ്ങനെ രണ്ട് ദിവസം മുൻപ് അനുമതി നൽകിയതെന്ന് തനിക്കറിയാമെന്നും ഇതിന്റെ വിശദാംശങ്ങൾ രണ്ട് ദിവസത്തിനുള്ളിൽ പുറത്തുവിടുമെന്നും പറഞ്ഞു. കളക്ടറുടെ സാന്നിധ്യത്തിലായിരുന്നു പിപി ദിവ്യയുടെ പ്രസംഗം.
ദിവ്യയുടെ വാക്കുകൾ ഇങ്ങനെ :
നിങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ആളുകളെ സഹായിക്കുകയെന്നും , സര്‍ക്കാര്‍ സേവനമാണ് ഒരു നിമിഷം മതി എന്തെങ്കിലുമൊക്കെ സംഭവിക്കാം. ആ നിമിഷത്തെ കുറിച്ച് ഓര്‍ത്ത് മാത്രമായിരിക്കണം നമ്മളെല്ലാം പേന പിടിക്കേണ്ടത് എന്നുമാത്രമാണ് ഞാന്‍ ഇപ്പോള്‍ പറയുന്നത്. ഉപഹാരം സമര്‍പ്പിക്കുന്ന ചടങ്ങിന് മുമ്പ് ഞാന്‍ ഇവിടെ നിന്ന് ഇറങ്ങുകയാണ്. അതിന് പ്രത്യേക കാരണമുണ്ട്. ആ കാരണം രണ്ട് ദിവസം കൊണ്ട് നിങ്ങള്‍ എല്ലാവരും അറിയുമെന്ന് പറഞ്ഞുകൊണ്ടാണ് ദിവ്യ വേദിയിൽ നിന്ന് ഇറങ്ങിയത്.