മലയാളത്തിന്റെ താര രാജാക്കൻമാർ ഒന്നിക്കുന്ന ചിത്രത്തിന് വേണ്ടിയിട്ടുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ. മഹേഷ് നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഇനിയും വന്നിട്ടില്ലെങ്കിലും നവംബർ മാസത്തിൽ ചിത്രീകരണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. മമ്മൂട്ടി കമ്പനിയുടെയും ആശിർവാദ് സിനിമാസിന്റെയും സംയുക്ത നിർമാണത്തിലാണ് ഈ വമ്പൻ ചിത്രം ഒരുങ്ങുന്നത്.
ഇപ്പോൾ ചിത്രത്തിന്റെ തിരക്കഥയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവ് ജോബി ജോർജ്. മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിനോടു നടത്തിയ അഭിമുഖത്തിൽ, തന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങിയ ‘ഷൈലോക്ക്’ എന്ന ചിത്രത്തിന് ശേഷം മുഴുവനായും കേട്ട തിരക്കഥ ഈ ചിത്രത്തിന്റേതാണെന്ന് ജോബി ജോർജ് വ്യക്തമാക്കി. “ഞാൻ അത് പ്രൊഡ്യൂസ് ചെയ്യുന്നില്ലെങ്കിലും മഹേഷ് നാരായണൻ-മമ്മൂട്ടി-മോഹൻലാൽ ചിത്രത്തിന്റെ തിരക്കഥ കേട്ടതാണ്. അതൊരു ബ്രില്ലിയൻറ് മൂവിയാണ്. വലിയ സിനിമയായി മാറും എന്ന് എനിക്ക് തോന്നിയിരുന്നു,” എന്നായിരുന്നു ജോബി ജോർജിന്റെ വാക്കുകൾ.
2013ലാണ് മോഹൻലാലും മമ്മൂട്ടിയും അവസാനമായി ബിഗ് സ്ക്രീനിൽ ഒരുമിച്ച് എത്തിയത്. മമ്മൂട്ടി നായകനായി രൺജിത്ത് സംവിധാനം ചെയ്ത ‘കടൽ കടന്നൊരു മാത്തുക്കുട്ടി’ എന്ന ചിത്രത്തിൽ ചെറിയൊരു കാമിയോയുമായി മോഹൻലാൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളുമായി ഇരുവരും ഒന്നിച്ചെത്തിയത് 2008-ൽ പുറത്തിറങ്ങിയ ജോഷി സംവിധാനം ചെയ്ത ‘ട്വൻറി 20’ എന്ന ചിത്രത്തിലാണ്. 80 കോടിയോളം രൂപയുടെ നിർമ്മാണ ചെലവിൽ ഒരുങ്ങുന്ന മഹേഷ് നാരായണന്റെ ഈ ചിത്രം മലയാള സിനിമയിൽ വലിയ പ്രതീക്ഷകളാണ് സൃഷ്ടിക്കുന്നത്