ഭാഷ ഏതായാലും ഇഷ്ടപെട്ടാൽ ചങ്ക് പറിച്ചു നൽകുന്നവരാണ് മലയാളികൾ. അത്തരത്തിൽ മലയാളികൾ ഏറെ നെഞ്ചിലേറ്റിയ താരമായിരുന്നു നടൻ ബാല. ജന്മം കൊണ്ട് തമിഴനാണെങ്കിലും കേരളത്തിന്റെ വളർത്തുപുത്രനാണ് താരം. തെലുങ്കിൽ 2 മച്ച് എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ ലോകത്തേക്ക് കാലെടുത്തു വയ്ക്കുന്നത്. 2007 ൽ കളഭം എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തിലേക്ക് എത്തുന്നത്.
ഒട്ടനവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ച ബാലയുടെ പുതിയമുഖത്തിലെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു. എന്നാൽ മലയാള സിനിമയിൽ ശോഭിച്ച അത്രത്തോളമൊന്നും തമിഴിൽ ബാലയ്ക്ക് ശോഭിക്കാനായിട്ടില്ല. പ്രണയനായകൻ, വില്ലൻ, സഹനടൻ, സംവിധായകൻ തുടങ്ങി മലയാളത്തിൽ ബാല ചെയ്യാത്ത വേഷങ്ങൾ ഇല്ല. 2014-ൽ അജിത് കുമാർ നായകനായ വീരം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തമിഴ് സിനിമയിലേക്ക് തിരിച്ചെത്തിയത്. പിന്നീട് മലയാളത്തിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്തു.
ഇതിനിടയിലാണ് ബാലയുടെ വിവാഹം നടന്നത്. അതോടെ കംപ്ലീറ്റ് ആയി മലയാളത്തിന്റെ മരുമകനായി ബാല മാറി. എന്നാൽ നടനായി അരങ്ങേറിയ ബാല ദി ഹിറ്റ്ലിസ്റ്റ് എന്ന ചിത്രം സംവിധാനവും ചെയ്തിട്ടുണ്ട്. എന്നാൽ മലയാളത്തിലും തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ള ബാലയുടെ സിനിമ ജീവിതം വിജയകരമാണെങ്കിലും താരത്തിന്റെ വ്യക്തിപരമായ ജീവിതം അത്ര വിജയകരമല്ല എന്ന് തന്നെ പറയാം.
ഐഡിയ സ്റ്റാർ സിംഗർ താരമായ അമൃത സുരേഷുമായിട്ടായിരുന്നു ബാലയുടെ ആദ്യ പ്രണയവിവാഹം. 2010ല്‍ ആണ് ബാലയും അമൃതയും വിവാഹിതരാകുന്നത്. റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയ ബാല അമൃതയുമായി പരിചയത്തിലാവുകയും ആ പരിചയം പ്രണയത്തിലേക്കും തുടര്‍ന്ന് വിവാഹത്തിലേക്കും എത്തുകയായിരുന്നു. അമൃതയുമായുള്ള വിവാഹബന്ധത്തിൽ താരത്തിന് ഒരു മകളുമുണ്ട്. 2012ല്‍ ആണ് അവന്തിക ജനിച്ചത്.
എന്നാല്‍ 2016 മുതല്‍ ബാലയും അമൃതയും വേര്‍പിരിഞ്ഞ് ജീവിക്കുകയായിരുന്നു. 2019ല്‍ ആണ് എറണാകുളം ജില്ലാ കുടുംബ കോടതിയില്‍ വെച്ച് ഇരുവരും വിവാഹ മോചനം നേടിയത്. അന്ന് ഏഴ് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന മകള്‍ അവന്തികയെ കോടതി അമൃതയ്‌ക്കൊപ്പം വിട്ടു. ബാലയും അമൃതയും തമ്മിലുളള കുടുംബ പ്രശ്‌നങ്ങള്‍ ചര്‍ച്ചയായപ്പോള്‍ അമൃത മറുപടിയുമായി രംഗത്ത് വന്നിരുന്നു. എല്ലാ കുടുംബങ്ങളിലും ഉളളത് പോലുളള ചെറിയ പ്രശ്‌നങ്ങള്‍ മാത്രമാണ് തങ്ങളുടെ ജീവിതത്തിലും ഉളളത് എന്നായിരുന്നു വിവാഹ മോചനത്തിന് മുന്‍പ് ഒരിക്കല്‍ അമൃത പറഞ്ഞത്.
അതിന് ശേഷം ഇരുവരും പരസ്പര ധാരണയോടെ വേര്‍പിരിയലിലേക്ക് എത്തുകയായിരുന്നു. അമൃത സുരേഷുമായി പിരിഞ്ഞ താരം തൃശൂർ സ്വദേശിയായ ഡോ. എലിസബത്തിനെ വിവാഹം കഴിച്ചു. സോഷ്യൽ മീഡിയയിലെ പരിചയം പ്രണയത്തിലേക്കും തുടർന്ന് വിവാഹത്തിലേക്കും വഴിമാറുകയായിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ ഈ വിവാഹ ബന്ധവും തകർന്നു.
അടുത്തിടെ വീണ്ടും നടൻ ബാലയും അമൃത സുരേഷും തമ്മിലുള്ള കുടുംബപ്രശ്നങ്ങൾ വീണ്ടും ചർച്ചയായിരുന്നു. നടന്‍ ബാലയ്‌ക്കെതിരെ ആദ്യമായി മകള്‍ അവന്തിക രംഗത്തെത്തിയതും നമ്മൾ കണ്ടു. അച്ഛനെ സ്‌നേഹിക്കാന്‍ ഒരു കാരണവുമില്ലെന്ന് പറഞ്ഞായിരുന്നു മകള്‍ ഇന്‍സ്റ്റഗ്രാം വീഡിയോയുമായി എത്തിയത്. അമ്മയെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും തന്നെ കോടതിയില്‍ നിന്നും വലിച്ചിഴച്ചു കൊണ്ടുപോയി ഭക്ഷണം തരാതെ മുറിയില്‍ പൂട്ടിയിട്ടു എന്നിങ്ങനെയുള്ള ഗുരുതര ആരോപണങ്ങളായിരുന്നു ബാലക്കെതിരെ മകള്‍ ഉന്നയിച്ചത്.
മദ്യപിച്ച് വിട്ടിലെത്തുന്ന ബാല തന്നെയും അമ്മയെയും ഉപദ്രവിക്കാറുണ്ടെന്നും ഒരിക്കല്‍ ചില്ല് കുപ്പി തനിക്കുനേരെ എറിയാന്‍ ശ്രമിച്ചെന്നും അവന്തിക പറഞ്ഞിരുന്നു. ഇതിനു മറുപടിയുമായി നടൻ ബാലയും രംഗത്തെത്തുകയുണ്ടായി. മകളോട് തർക്കിക്കാനില്ലെന്നും തോറ്റുകൊടുക്കുകയാണെന്നുമാണ് ബാല സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച വീഡിയോയിലൂടെ പറഞ്ഞത്. അതേസമയം, ബാല തനിക്കും മുൻപ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യുകയും വിവാഹമോചനം നേടിയതായി പറഞ്ഞ് അമൃത രംഗത്തെത്തിയിരുന്നു.
ഏറ്റവുമൊടുവിൽ ഇപ്പോഴിതാ, മുൻ ഭാര്യ അമൃത സുരേഷിന്റെ പരാതിയിൽ ബാലയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. കടവന്ത്ര പോലീസാണ് ബാലയേയും മാനേജറേയും അറസ്റ്റ് ചെയ്തിരിക്കുന്നത്. ബാലയെ പോലീസ് ചോദ്യം ചെയ്തു വരികെയാണ്. വൈകിട്ടോടെ ബാലയെ കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ട്. അതിനിടയിൽ ബാലയുടെ ആരോഗ്യനില മോശമെന്നറിയിച്ചുകൊണ്ട് താരത്തിന്റെ അഭിഭാഷകയും രംഗത്തെത്തിയിട്ടുണ്ട്. എന്തായാലും ഒരു പ്രോമിസിങ് യുവ നടനിൽ നിന്ന് കോമഡി, വിവാദ നായകനായി മാറിയിരിക്കുകയാണ് ബാല.