
ബിജെപി മുൻ വക്താവും സംസ്ഥാന സമിതിയംഗവുമായ സന്ദീപ് ജി വാര്യരുടെ പിണക്കം വലിയ കാര്യമാക്കില്ലെന്നുറപ്പിച്ച് സംസ്ഥാന നേതൃത്വം. സന്ദീപ് എവിടെ വരെ പോകും എന്ന് കാത്തിരുന്ന് കാണാമെന്നായിരുന്നു സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഇന്നലെ മാധ്യങ്ങളോട് പറഞ്ഞത്. ബിജെപിയിൽ നിന്ന് കടുത്ത അവഗണനയും ചില നേതാക്കളിൽ നിന്ന് അധിക്ഷേപവും നിരന്തരം ഏറ്റുവാങ്ങേണ്ടി വരുന്നുവെന്ന് ആരോപിച്ചാണ് സന്ദീപ് പാർട്ടിയിൽ നിന്ന് അകന്ന് നിൽക്കുന്നത്.
പാലക്കാട് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങില്ലെന്ന് ഉറപ്പിച്ച് പറയുന്ന സന്ദീപ് വാര്യരുടെ നിലപാട് ബിജെപിക്ക് അത്ര ചെറുതല്ലാത്ത തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. പാലക്കാട് നിയോജക മണ്ഡലത്തിലെ മൂത്താൻതറ പോലുള്ള ബിജെപി ശക്തി കേന്ദ്രങ്ങളിലാണ് സന്ദീപിന്റെ പിണക്കം പ്രകടമാകുക. ഇദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ട് നിരവധി വോട്ടുകളുള്ള പ്രദേശമാണ് മൂത്താൻ തറ. ഇന്നലെ മാധ്യമങ്ങളില്‍ വൈകാരികമായി പ്രതികരിച്ചതും, അമ്മയുടെ വിയോഗത്തില്‍ ആശ്വാസിപ്പിക്കാൻ പാർട്ടിയെത്തിയില്ലെന്നുമുള്ള വെളിപ്പെടുത്തലുകള്‍ മൂത്താൻതറയില്‍ പ്രതിഫലിക്കും. സന്ദീപിലൂടെ ഇവിടൊരു വോട്ട് ചോർച്ചയാണ് ബിജെപി പ്രതീക്ഷിക്കുന്ന ഏറ്റവും വലിയ പ്രത്യാഘാതം.
അതേസമയം, ഇന്നലെ ആദ്യം സോഷ്യൽ മീഡിയയിലൂടെയും പിന്നീട് മാധ്യമങ്ങളിലൂടെയും തുറന്നടിച്ച സന്ദീപ് വാര്യർ പാലക്കാട് ബിജെപി സ്ഥാനാർത്ഥിക്കെതിരെ നിരവധി പരാതികളാണ് ഉന്നയിച്ചത്. യുവരക്തം ഉയർന്നുവരുന്നതിലെ അസൂയ ആകാം കൃഷ്ണകുമാറിനെപ്പോലുള്ളവർക്ക് എന്നുവരെ സന്ദീപ് ആക്ഷേപം ഉന്നയിച്ചിരുന്നു. രാത്രിയോടെ ആർഎസ്എസ് പ്രതിനിധിയായ എ ജയകുമാർ സന്ദീപിനെ സന്ദർശിക്കുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു. എന്നാൽ പാർട്ടിയിൽ അപമാനിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ കെ. സുരേന്ദ്രന് ആയില്ലെന്ന് പറയുമ്പോഴും പാർട്ടി വിടുന്ന കാര്യമുണ്ടാകില്ലെന്നാണ് ജയകുമാറിനോട് സന്ദീപ് അറിയിച്ചിരിക്കുന്നത്. സിപിഎം നേതാക്കൾ നല്ലവാക്കുകൾ പറഞ്ഞതിന് നന്ദിയുണ്ടെന്നും എതിർ ചേരിയിലുള്ളവർക്കും തന്നെ വന്നുകാണാൻ സ്വാതന്ത്ര്യമുണ്ടെന്നുമാണ് ഇന്ന് സന്ദീപ് വാര്യർ പറയുന്നത്. എന്നാൽ സിപിഎമ്മിൽ ചേരാനില്ല.
ഉപതെരഞ്ഞെടുപ്പ് സമയത്തിൽ ഇങ്ങനെ പറയേണ്ടി വന്നതിൽ ഖേദമില്ലെന്നും, താൻ ചെയ്തത് തെറ്റാണോ ശരിയാണോ എന്നത് കാലം വിലയിരുത്തട്ടെ എന്നും സന്ദീപ് വാര്യർ പറയുന്നു. തൻറെ പരാതികൾ നേരത്തെ കേട്ടിരുന്നെങ്കിൽ ഈ പ്രശ്‌നം ഉണ്ടാകുമായിരുന്നില്ല. എതിർ ചേരിയിലുള്ളവർക്കും തന്നെ വന്നുകാണാൻ സ്വാതന്ത്ര്യമുണ്ട്. വയനാട്ടിൽ പ്രചാരണത്തിൻറെ ഏകോപന ചുമതല തന്നത് കെ സുരേന്ദ്രൻ ഔദാര്യമായി അവതരിപ്പിക്കരുത്. സിപിഎമ്മിൽ ചേരാനില്ല. ഇപ്പോൾ ബിജെപിയിലാണ്. സ്വന്തം ജില്ലയിൽ, തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്കെതിരെയാണ് സംസാരിച്ചത്. അപമാനിക്കപ്പെടില്ല എന്ന് സുരേന്ദ്രൻ നൽകിയ ഉറപ്പിലാണ് പാലക്കാട് പോയത്. എന്നാൽ, ആ ഉറപ്പ് തെറ്റി. കൺവെൻഷന് പോയപ്പോൾ വീണ്ടും അപമാനിക്കപ്പെട്ടു. ഇത്തരത്തിൽ വീണ്ടും അപമാനം സഹിക്കേണ്ടിവന്നപ്പോഴാണ് കാര്യങ്ങൾ തുറന്ന് പറയുന്നത് – സന്ദീപ് മാധ്യമങ്ങളോട് പറഞ്ഞു.