പ്രശസ്ത സംഗീത സംവിധായകൻ ബേണി ഇഗ്നേഷ്യസിന്റെ മകൻ ടാൻസനും, പ്രശസ്ത പിന്നണി ഗായകൻ പി. ഉണ്ണികൃഷ്ണന്റെ മകൻ വസുദേവ് കൃഷ്ണയും മലയാള സിനിമ രംഗത്ത് ആദ്യമായി അരങ്ങേറ്റം കുറിക്കുന്നു. ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘ഒരു വടക്കൻ തേരോട്ടം’ എന്ന ചിത്രത്തിലാണ് ഇവരുടെ കൂട്ടായ്മ.
കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ വരികൾക്ക് ബേണിയും മകൻ ടാൻസനും ചേർന്നാണ് സംഗീതം പകർന്നിരിക്കുന്നത്. ഈ ഗാനം, വസുദേവ് കൃഷ്ണയാണ് ആലപിച്ചിരിക്കുന്നത്. എറണാകുളം മൈ സ്റ്റുഡിയോയിൽ വച്ചാണ് ഗാനം റെക്കോർഡ് ചെയ്തത്. റെക്കോർഡിംഗിനോടൊപ്പം ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും റിലീസ് ചെയ്തു.
ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, ഓട്ടോറിക്ഷ ഡ്രൈവറായാണെത്തുക. ചിത്രത്തിൽ ആനന്ദ്, രാജ് കപൂർ, മാളവിക മേനോൻ, ദിൽന രാമകൃഷ്ണൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
ഓപ്പൺ ആർട്ട് ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം തുടങ്ങിയവ കൈകാര്യം ചെയ്യുന്നത് സനു അശോകാണ്. പവി കെ പവൻ ഛായാഗ്രഹണവും ജിതിൻ ഡി കെ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
ഈ ചിത്രത്തിൽ നിരവധി പുതുമുഖ താരങ്ങളുടെ സാന്നിധ്യമുണ്ട്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം.